മുംബൈ: മാധബി പുരി ബുച്ച് രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിലെ ജീവനക്കാർ സെബി ആസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി.
മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ ജീവനക്കാർ പിരിഞ്ഞുപോയി.
ജീവനക്കാർക്കതിരെ തെറ്റയാ കാര്യങ്ങൾ പ്രചരിപ്പിച്ചന്നാരോപിച്ചും മാധബി ബുച്ച് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.
മാധബി പുരി ബുച്ച് മേധാവിയായതിനുശേഷം തൊഴിൽ അന്തരീക്ഷം മോശമായെന്ന് കാണിച്ച് കഴിഞ്ഞ മാസം ചില ജീവനക്കാർ ധനമന്ത്രാലയത്തിന് കത്തയച്ചിരുന്നു. ചെയ്തു തീർക്കാൻ കഴിയാത്ത ജോലിഭാരം ഏറ്റെടുക്കേണ്ടിവരുന്നു,
ഉന്നത ജീവനക്കാർ മോശമായി പെരുമാറുന്നു, ജീവനക്കാരെ രഹസ്യമായി നിരീക്ഷിക്കുന്നു-എന്നിങ്ങനെ ഏറെക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു പരാതി നൽകിയത്.
വീട്ട് വാടക അലവൻസിൽ 55 ശതമാനം വർധന ആവശ്യപ്പെട്ടതിൽ ഫലമുണ്ടാകാതിരുന്നതിനാൽ തൊഴിൽ സംസ്കാരം ഉയർത്തിക്കാട്ടി പ്രശ്നത്തെ വളച്ചൊടിക്കുകയാണെന്ന് ജീവനക്കാരെന്ന് സെബി പ്രസ്താവനയിൽ അറിയിച്ചു.
ബാഹ്യ ഇടപെടലുകളെ തുടർന്നാണ് ജീവനക്കാരുടെ നീക്കമെന്നും അതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാനില്ലെന്നും സെബി വ്യക്തമാക്കി.
സങ്കീർണമായ വിപണി സാഹചര്യങ്ങളിൽ ഉയർന്നതലത്തിലുള്ള സുതാര്യതയും പ്രതിബദ്ധതയും ആവശ്യമാണെന്നും സെബിയുടെ പത്രക്കുറിപ്പിൽ പറയുന്നു.