മുംബൈ: സാരികളുടെയും സ്‌ത്രീകളുടെ വസ്‌ത്രങ്ങളുടെയും വിതരണക്കാരായ സരസ്വതി സാരി ഡിപ്പോയുടെ ഓഹരികള്‍ ഇന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തു. 21.25 ശതമാനം പ്രീമിയത്തോടെയാണ് എന്‍എസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌തത്. 160 രൂപ ഇഷ്യു വിലയുണ്ടായിരുന്ന സരസ്വതി സാരി ഡിപ്പോ 194 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
ഓഗസ്റ്റ് 12 മുതല്‍ 14 വരെയായിരുന്നു ഈ ഐപിഒയുടെ സബ്‌സ്‌ക്രിപിഷ്‌ന്‍ നടന്നത്. 28 ശതമാനം പ്രീമിയത്തോടെയാണ് ഈ ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്‌തിരുന്നത്. 160.02 കോടി രൂപയുടെ ഐപിഒ ആണ് സരസ്വതി സാരി ഡിപ്പോ നടത്തിയത്. പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധനമായും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
1996ല്‍ സ്ഥാപിതമായ സരസ്വതി സാരി ഡിപ്പോ സ്‌ത്രീകളുടെ വസ്‌ത്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും മൊത്തവില്‍പ്പന നടത്തുകയും ചെയ്യുന്ന കമ്പനിയാണ്. മഹാരാഷ്‌ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ബിസിനസ് ചെയ്യുന്നത്.
2021-22, 2023-24 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ കമ്പനി 5 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്. 612.58 കോടി രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷത്തെ വരുമാനം. 2021-22ല്‍ ഇത് 550.3 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ ലാഭം 12.30 കോടി രൂപയില്‍ നിന്നും 38.81 കോടി രൂപയായി ഉയര്‍ന്നു.