ന്യൂഡല്ഹി: മാധ്യമവ്യവസായ ഭീമൻ റൂപര്ട്ട് മാര്ഡോക്ക് ന്യൂസ് കോര്പ്പറേഷന്റേയും ഫോക്സിന്റേയും ചെയര്മാന് പദവി ഒഴിഞ്ഞു.
ഏഴ് പതിറ്റാണ്ടോളം അധികാര സ്ഥാനത്തിരുന്ന ശേഷമാണ് 92-കാരനായ റൂപര്ട്ട് മര്ഡോക്ക് സ്ഥാനമൊഴിയുന്നത്. രണ്ട് കമ്പനികളുടേയും മേധാവി സ്ഥാനം മകന് ലാച്ലന് മര്ഡോക്ക് ഏറ്റെടുക്കും.
വ്യത്യസ്തമായ വേഷങ്ങൾ ഏറ്റെടുക്കാന് സമയമായെന്ന് ജീവനക്കാര്ക്ക് അയച്ച കത്തിൽ മാര്ഡോക്ക് വ്യക്തമാക്കി. നവംബര് പകുതിയോടെ രണ്ട് സ്ഥാപനങ്ങളുടെയും ചെയര്മാന് എമിരിറ്റസ് റോളിലേക്ക് മാറുമെന്ന് മര്ഡോക്ക് പറഞ്ഞു.
1996-ലാണ് റൂപര്ട്ട് മര്ഡോക്ക് ഫോക്സ് ന്യൂസ് ആരംഭിക്കുന്നത്. ഇന്ന് യുഎസില് ഏറ്റവും കൂടുതല് ആളുകള് കാണുന്ന ടെലിവിഷന് വാര്ത്താ ചാനലാണിത്.
ഫോക്സ് ന്യൂസിനേയും ന്യൂസ് കോര്പ്പറേഷനേയും ലയിപ്പിക്കാനുള്ള നീക്കം നടത്തിയിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. വാള്സ്ട്രീറ്റ് ജേണല്, ന്യൂയോര്ക്ക് പോസ്റ്റ് എന്നിവയുടെയും ഉടമയാണ് മാര്ഡോക്ക്.
ഇന്ത്യയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമ കമ്പനികളിലും അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്.