
വാഷിങ്ടൺ: ഇറാനിൽ നിന്നും റഷ്യയിൽ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നതിനായി വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. റഷ്യൻ എണ്ണ വാങ്ങുന്നതിനായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 11-ന് അവസാനിച്ചെന്നും, ഇറാനിയൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രിൽ 19-ഓടെ അവസാനിക്കുമെന്നും ബെസെന്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുസിന്റെ ഈ നീക്കം കനത്ത തിരിച്ചടിയാണ് സൃഷ്ടിക്കുക. കടുത്ത ഉപരോധങ്ങൾ നിലനൽക്കുന്ന സാഹചര്യത്തിലാണ് ആഗോള എണ്ണവില നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ യുഎസ് 30 ദിവസത്തെ പ്രത്യേക അനുമതി നൽകിയത്. എന്നാൽ ഇളവുകൾ നീട്ടണമെന്ന ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ആവശ്യം യുഎസ് തള്ളുകയായിരുന്നു.
മാര്‍ച്ച് 5, 2026 മുതൽ 30 ദിവസത്തേക്ക് കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിതരണവും വില്‍പനയും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ലൈസന്‍സ് യുഎസ് ട്രഷറി വകുപ്പ് പുറത്തിറക്കിയിരുന്നു.
യുദ്ധം ആരംഭിച്ചതോടെഹോർമുസ് കടലിടുക്കിൽ ഗതാഗതം തടസപ്പെടുകയും ആഗോള എണ്ണ വിതരണ സംവിധാനത്തിൽ ഗുരുതര പ്രതിസന്ധി ഉയരുകയും ചെയ്തതിനെ തുടർന്നാണ് ട്രംപ് രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ചത്.






