
ന്യൂഡൽഹി: അസംസ്കൃത എണ്ണ വില കുത്തനെ ഉയർന്നിട്ടും ഇന്ത്യയിലെ പൊതുമേഖല എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കാത്തതിനാൽ പെട്രോൾ ലിറ്ററിന് 18 രൂപയും ഡീസൽ ലിറ്ററിന് 35 രൂപയും നഷ്ടം വർധിച്ചതായി റിപ്പോർട്ടുകൾ.
ഏകദേശം പത്ത് വർഷം മുമ്പ് തന്നെ ഇന്ധനവില നിയന്ത്രണം നീക്കം ചെയ്തിട്ടും പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നിവ 2022 ഏപ്രലിനുശേഷം പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
ഈ കാലയളവിൽ ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണുണ്ടായത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ബാരലിന് 100 ഡോളറിനു മുകളിലേക്ക് ഉയർന്ന അസംസ്കൃത എണ്ണ വില ഈ വർഷം ആദ്യം 70 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാൽ, ഇറാനെതിരേ യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾ വിതരണതടസ ഭീഷണി ഉയർത്തിയതോടെ കഴിഞ്ഞ മാസം അസംസ്കൃത എണ്ണ വില 120 ഡോളറിലേക്ക് കുതിച്ചുയർന്നു.
കഴിഞ്ഞ മാസം ഏറ്റവും ഉയർന്ന നിരക്കിൽ മൂന്നു കമ്പനികളുടെയും പ്രതിദിന നഷ്ടം 2400 കോടി രൂപ വരെയായിരുന്നു. സർക്കാർ ഇന്ധനനികുതി ലിറ്ററിന് 10 രൂപ വീതം കുറച്ചതോടെ ഈ നഷ്ടം 1600 കോടി രൂപയായി കുറഞ്ഞു. ഈ നികുതിയിളവിന്‍റെ ഗുണം വില കുറച്ച് ജനങ്ങൾക്കു നൽകുന്നതിനു പകരം കമ്പനികളുടെ നഷ്ടം നികത്താനാണ് ഉപയോഗിച്ചതെന്ന് വ്യവസായ വൃത്തങ്ങൾ പറഞ്ഞു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കന്പനികൾ ഉണ്ടാക്കിയ എല്ലാ നേട്ടങ്ങളും മാർച്ചിലെ നഷ്ടം ഇല്ലാതാക്കിയെന്ന് അവർ പറഞ്ഞു. ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള പാദത്തിൽ മൂന്നു കന്പനികളും നഷ്ടം രേഖപ്പെടുത്താനാണ് സാധ്യത.
2025ൽ ഇന്ത്യയുടെ അസംസ്കൃത എണ്ണ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുകയായിരുന്നു. ആഗോള വിപണിയിലെ വിലക്കയറ്റം രാജ്യത്തെ കാര്യമായി ബാധിക്കുന്നു.
ഇറക്കുമതിയുടെ 45 ശതമാനം മിഡിൽ ഈസ്റ്റിൽ നിന്നും 35 ശതമാനം റഷ്യയിൽ നിന്നും, 6 ശതമാനം യുഎസിൽ നിന്നുമാണ്. ഇത്രയധികം എണ്ണ ഇറക്കുമതി ചെയ്യുന്പോഴും ഡീസൽ, പെട്രോൾ, വിമാന ഇന്ധനം തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ തുടരുന്നു.
മാർച്ച് മാസത്തിൽ സർക്കാർ ഇന്ധന നികുതി ലിറ്ററിന് 10 രൂപ വീതം കുറച്ചിരുന്നു. നിലവിൽ കേന്ദ്ര നികുതി പെട്രോളിന് ലിറ്ററിന് 11.9 രൂപയായും ഡീസലിന് 7.8 രൂപയായും കുറഞ്ഞിട്ടുണ്ട്.
നിലവിലെ വിലനിലവാരം അനുസരിച്ച് എക്സൈസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കിയാലും എണ്ണക്കമ്പനികൾ നേരിടുന്ന വലിയ നഷ്ടം നികത്താൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.






