
ഇതരസംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്ക് സംസ്ഥാനത്തെ തൊഴില്‍ മേഖലകള്‍ക്ക് കടുത്ത തിരിച്ചടിയാകുന്നു. ബംഗാള്‍, അസം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് വന്നതും പശ്ചിമേഷ്യന്‍ യുദ്ധംമൂലം ഗ്യാസ് ലഭ്യത കുറഞ്ഞതുമാണ് തൊഴിലാളികളുടെ മടക്കത്തിന് കാരണം. നിര്‍മാണമേഖല, ഹോട്ടല്‍രംഗം എന്നീ രംഗങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ 30 ലക്ഷത്തോട് അടുത്തുണ്ടെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ കണക്ക്. ഇതില്‍ കൂടുതലും ബംഗാള്‍, ബിഹാര്‍, അസം എന്നിവിടെ നിന്നുള്ളവരാണ്. കേരളത്തിലെ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നതില്‍ 80 ശതമാനത്തിലേറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്. തൊഴിലാളികള്‍ മടങ്ങിയതോടെ വലുതും ചെറുതുമായ ഒട്ടുമിക്ക പ്രൊജക്ടുകളും മുടങ്ങി കിടക്കുകയാണ്.
നഗരങ്ങളില്‍ തൊഴിലാളിക്ഷാമം രൂക്ഷം
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇത്തരത്തില്‍ കെട്ടിട നിര്‍മാണരംഗം സ്തംഭിച്ചത്. മുന്‍വര്‍ഷങ്ങളിലും തിരഞ്ഞെടുപ്പ് കാലത്ത് തൊഴിലാളികളുടെ മടക്കം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രത്തോളം പേര്‍ ആദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് മടങ്ങുന്നതെന്ന് കരാറുകാര്‍ പറയുന്നു.
വോട്ടര്‍പട്ടികയിലെ തീവ്രപരിഷ്‌കരണത്തില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ പൗരത്വം നഷ്ടപ്പെടുമെന്ന പ്രചരണം ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇതാണ് തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിടാന്‍ കാരണമായത്.
ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ നാട്ടില്‍ പോയാല്‍ രണ്ട് മാസമെങ്കിലും വീട്ടുകാര്‍ക്കൊപ്പം നിന്നശേഷമേ കേരളത്തിലേക്ക് മടങ്ങാറുള്ളൂ. അതുകൊണ്ട് തന്നെ ജൂണ്‍ പകുതിക്കുശേഷം ഇവരെ പ്രതീക്ഷിച്ചാല്‍ മതിയെന്ന് കരാറുകാര്‍ പറയുന്നു. ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെത്തി പണിയെടുക്കുന്ന പലരും ഇപ്പോള്‍ നാട്ടില്‍പ്പോയാല്‍ തിരിച്ചുവരാറില്ല. ഇവരുടെ നാടുകളില്‍ തൊഴിലവസരങ്ങള്‍ കൂടിയതാണ് കാരണം.
കേരളത്തില്‍ രണ്ടും മൂന്നും ഇരട്ടി കൂലി ലഭിക്കുമെങ്കിലും പലരും ഇപ്പോള്‍ സ്വന്തം നാട്ടില്‍ തന്നെ നില്ക്കാനാണ് താല്പര്യപ്പെടുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ച് നിലനില്ക്കുന്ന കെട്ടിട നിര്‍മാണ മേഖലയില്‍ അടക്കം പ്രതിസന്ധി ശക്തമാണ്.
നിര്‍മാണ മേഖലയിലെ നിശ്ചലാവസ്ഥ സിമന്റ്, കമ്പി തുടങ്ങി ഈ മേഖലയുമായി ചേര്‍ന്ന് നില്‍ക്കുന്ന കച്ചവടങ്ങളെയും ബാധിച്ചിട്ടുണ്ട്. എല്‍പിജി പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട ഹോട്ടലുകള്‍ തുറന്നു തുടങ്ങിയെങ്കിലും ജോലിക്കാരുടെ കുറവ് വലിയ പ്രശ്‌നമാണ്. പല ഹോട്ടലുകളും വിഭവങ്ങളുടെ എണ്ണം തീരെ കുറച്ചും പ്രവര്‍ത്തന സമയം നിജപ്പെടുത്തിയുമാണ് പിടിച്ചുനില്‍ക്കുന്നത്. സംസ്ഥാനത്തെ ഹോട്ടല്‍ രംഗത്ത് തൊഴിലെടുക്കുന്നവരില്‍ ഏറെയും ഇതരസംസ്ഥാനക്കാരാണ്.
കൂലിയായി 20,000 കോടിയോളം
സംസ്ഥാനത്ത് പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ കേരളത്തില്‍ നിന്ന് ഒരുവര്‍ഷം ലഭിക്കുന്നത് 20,000 കോടി രൂപയോളമാണ്. ഇതില്‍ 7,000-8,000 കോടി രൂപയോളം അവര്‍ സ്വന്തം നാടുകളിലേക്ക് അയയ്ക്കുന്നുണ്ടെന്നാണ് ആസൂത്രണ ബോര്‍ഡ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.
മുമ്പത്തെ അപേക്ഷിച്ച് കുടുംബവുമായി കേരളത്തിലേക്ക് എത്തുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണം കൂടുതലാണ്. ഇതാണ് കേരളത്തില്‍ ഇവര്‍ ചെലവഴിക്കുന്ന പണത്തിന്റെ അളവ് കൂടാന്‍ കാരണം.






