
ഒരു വർഷത്തിനകം 80,000 പേർക്കുകൂടി തൊഴിൽ നൽകാൻ പ്രവാസി വ്യവസായ പ്രമുഖനായ ഡോ. ബി. രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഗ്രൂപ്പ് തയ്യാറെടുക്കുന്നു. ഇതിൽ 6,000 എൻജിനീയർമാരും ഉൾപ്പെടും.
ഇതോടെ ആർ.പി. ഗ്രൂപ്പിനു കീഴിലുള്ള വിവിധ സംരംഭങ്ങളിലായുള്ള മൊത്തം ജീവനക്കാരുടെ എണ്ണം രണ്ട് ലക്ഷം കവിയുമെന്ന് ഡോ. രവി പിള്ള പറഞ്ഞു. ബഹ്റൈനിൽ വെച്ചു മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായിയിൽ 100 നിലയുള്ള ആഡംബര കെട്ടിട സമുച്ചയത്തിന്റെ നിർമാണവും വരുന്ന ഓഗസ്റ്റ് മാസം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ ഗൾഫ് രാജ്യങ്ങളിലായി ഏതാനും പെട്രോ കെമിക്കൽ പ്ലാന്റുകളുടെ നിർമാണത്തിനുള്ള പുതിയ കരാറുകൾ ഗ്രൂപ്പിനു ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലേക്ക് പുതുതായി നിരവധി പേരെ ആവശ്യമുണ്ട്.
ഇപ്പോൾ റിക്രൂട്ട് ചെയ്യുന്നവരിൽ 80 ശതമാനവും ഇന്ത്യയിൽ നിന്നാവും. അതിൽ മലയാളികൾക്ക് കൂടുതൽ അവസരം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാട്ടിലും വിദേശത്തുമായി വിദഗ്ധ പരിശീലനം നൽകും.
അത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 5-10 വർഷം വരെയുള്ള നിയമനം നൽകുമെന്നും രവി പിള്ള പറഞ്ഞു.
ആറായിരം എൻജിനീയർമാരെ കണ്ടെത്താനുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഡിസംബറോടെ ആ പ്രക്രിയ പൂർത്തിയാകും. ഏറ്റവും നല്ല താമസ സൗകര്യങ്ങളും ഭക്ഷണവും ഗ്രൂപ്പ് എല്ലാ വിഭാഗം ജീവനക്കാർക്കും ഉറപ്പുനൽകുന്നുണ്ട്.
തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഗ്രൂപ്പിന്റെ ആദ്യ പരിഗണനയാണ്. ഒരാൾക്കുപോലും അപകടമോ പരിക്കോ ഇല്ലാത്ത രീതിയിൽ മികച്ച സുരക്ഷാ സംവിധാനങ്ങളാണ് എല്ലായിടത്തും ഗ്രൂപ്പ് സജ്ജമാക്കിയിട്ടുള്ളത്.
ബഹ്റൈനിൽ നിർമാണത്തിലിരിക്കുന്ന പെട്രോ കെമിക്കൽ പ്ലാന്റിൽ ഒരു കോടി തൊഴിൽദിനങ്ങൾ പ്രശ്നങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കിയതിന്റെ പേരിൽ ഭരണകൂടത്തിന്റെ പുരസ്കാരത്തിനും ഈയിടെ ഗ്രൂപ്പ് അർഹമായതായി അദ്ദേഹം പറഞ്ഞു.
ടൂറിസം രംഗത്ത് കേരളത്തിലും കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
ഹോസ്പിറ്റാലിറ്റി രംഗത്ത് ഇതിനകം ശ്രദ്ധേയ സാന്നിധ്യമായ റാവിസ് എന്ന ബ്രാൻഡിനു കീഴിലായിരിക്കും ഇത്.
ഫേവറിറ്റ് കേരള എന്ന ബ്രാൻഡിങ്ങോടെ കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ റാവിസ് നേരത്തേ തന്നെ ശ്രമിക്കുന്നുണ്ട്.
ദുബായ്, കേരളം, മലി തുടങ്ങിയ സ്ഥലങ്ങളിലുള്ള റാവിസ് ഹോട്ടലുകളിലെത്തുന്ന സഞ്ചാരികൾക്ക് കേരളത്തിന്റെ പ്രകൃതിഭംഗിയും ആയുർവേദവും ആയോധന കലകളും കലാരൂപങ്ങളുമൊക്കെ പരിചയപ്പെടുത്താൻ ഫേവറിറ്റ് കേരള വഴി സാധിക്കുന്നുണ്ട്.