
ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് ക്ലെയിം നേരിട്ടിട്ടും തളരാതെ ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി. 2026 സാമ്പത്തിക വർഷത്തിൽ 1,008 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം എയർ ഇന്ത്യയുടെ അഹമ്മദാബാദ് അപകടത്തെത്തുടർന്ന് 400 മില്യൺ ഡോളറിലധികം തുകയുടെ ക്ലെയിം വന്നിരുന്നു.
ഈ വൻ റിസ്കിന്റെ 45 ശതമാനം വിഹിതവും പ്രധാന ഇൻഷുററായ ടാറ്റ എഐജിക്കായിരുന്നു. എന്നാൽ വലിയ അപകടസാധ്യതകൾ മറ്റ് കമ്പനികൾക്ക് റീഇൻഷുറൻസ് ചെയ്യുന്ന മികച്ച ബിസിനസ്സ് നയം കാരണം ടാറ്റ എഐജിയുടെ യഥാർത്ഥ ബാധ്യത 50 കോടി രൂപയിൽ താഴെയായി ചുരുങ്ങി. ഇതോടെ കമ്പനിയുടെ സാമ്പത്തിക ഭദ്രത സുരക്ഷിതമായിരിക്കുകയും 2026 മാർച്ച് അവസാനത്തോടെ കമ്പനിയുടെ ആകെ ഓഹരി മൂലധനവും കരുതൽ ധനവും 6,545 കോടി രൂപയായി ഉയരുകയും ചെയ്തു.
നിലവിൽ രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനിയായ ടാറ്റ എഐജിക്ക് മോട്ടോർ, വാണിജ്യ ഇൻഷുറൻസ് മേഖലകളിൽ രണ്ടാം സ്ഥാനമുണ്ട്. എന്നാൽ ആരോഗ്യ ഇൻഷുറൻസ് രംഗത്ത് നിലവിൽ എട്ടാം സ്ഥാനത്തുള്ള കമ്പനി, ഈ മേഖലയിൽ വൻ വളർച്ചയാണ് ലക്ഷ്യമിടുന്നത്. നിലവിൽ കമ്പനിയുടെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗം ഹെൽത്ത് ഇൻഷുറൻസാണ്.
പ്രതിമാസം 200 മുതൽ 250 കോടി രൂപയുടെ റീട്ടെയിൽ ഹെൽത്ത് ബിസിനസ്സ് നടക്കുന്ന ഈ വിഭാഗത്തിൽ കഴിഞ്ഞ വർഷം 40 ശതമാനം വളർച്ചയോടെ 4,500 കോടി രൂപയുടെ വാർഷിക പ്രീമിയം കമ്പനി കൈവരിച്ചു. ആകെ പ്രീമിയം വരുമാനത്തിന്റെ 20-23 ശതമാനം ആരോഗ്യ മേഖലയിൽ നിന്ന് കണ്ടെത്താനും, ഈ രംഗത്തെ മുൻനിരയിലുള്ള ആദ്യ അഞ്ച് കമ്പനികളിൽ ഒന്നാകാനുമാണ് ടാറ്റ എഐജി ലക്ഷ്യമിടുന്നത്.
ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വിപുലമായി ഉപയോഗിക്കാനൊരുങ്ങുകയാണ് കമ്പനി. മെഡിക്കൽ റിപ്പോർട്ടുകൾ വിശകലനം ചെയ്യാനും, രോഗങ്ങളുടെ പാറ്റേണുകൾ പ്രവചിക്കാനും, ഡിജിറ്റൽ കൺസൾട്ടേഷനുകൾക്കും നിലവിൽ എഐ ഉപയോഗിക്കുന്നുണ്ട്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ചെറിയ തുകകളുടെ ക്ലെയിമുകൾ മനുഷ്യസഹായമില്ലാതെ പൂർണ്ണമായും എഐ വഴി തീർപ്പാക്കാനാണ് കമ്പനിയുടെ തീരുമാനം. കൂടാതെ, തൊഴിലുടമകളിൽ നിന്ന് ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്ന ജീവനക്കാരെ ലക്ഷ്യമിട്ട് ആകർഷകമായ പുതിയ ടോപ്പ്-അപ്പ് പ്ലാനുകളും കമ്പനി വിപണിയിലിറക്കിയിട്ടുണ്ട്.






