
മുംബൈ: മാര്‍ച്ചില്‍ ഓഹരി വിപണി ശക്തമായ കരകയറ്റം നടത്തിയപ്പോള്‍ ചില്ലറ നിക്ഷേപകര്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ആദ്യമായി അറ്റവില്‍പ്പന നടത്തി. 10,500 കോടി രൂപയാണ് ചില്ലറ നിക്ഷേപകര്‍ മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
2024 സെപ്‌റ്റംബറിനു ശേഷം ആദ്യമായാണ് ചില്ലറ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ അറ്റവില്‍പ്പന നടത്തുന്നത്.
2023 ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് അവര്‍ മാര്‍ച്ചില്‍ നടത്തിയത്. അതേ സമയം ഈ മാസം ഇതുവരെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 28,118 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി.
വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന 8224 കോടി രൂപയായി കുറഞ്ഞു. മാര്‍ച്ച് രണ്ടാം പകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായ തോതില്‍ ഓഹരികള്‍ വാങ്ങിയതാണ് ഈ മാസത്തിലെ മൊത്തം വില്‍പ്പന കുറയാന്‍ കാരണമായത്.
വിപണിയിലെ കനത്ത ചാഞ്ചാട്ടം ചില്ലറ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചത് വില്‍പ്പനയ്‌ക്ക് കാരണമായിട്ടുണ്ട്. 2024 സെപ്‌റ്റംബര്‍ മുതല്‍ 2025 മാര്‍ച്ച് രണ്ടാം പകുതി വരെ നീണ്ടുനിന്ന തിരുത്തല്‍ പല പുതിയ നിക്ഷേപകരുടെയും വിപണിയോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തി.
ചെറുകിട, ഇടത്തരം ഓഹരികളില്‍ ഗണ്യമായ തോതില്‍ നിക്ഷേപം നടത്തിയ പുതിയ നിക്ഷേപകര്‍ക്ക് കനത്ത ഇടിവാണ് നേരിടേണ്ടിവന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തിയത് ചില്ലറ നിക്ഷേപകരെ പരിഭ്രാന്തരാക്കിയിരുന്നു.
പ്രതീക്ഷിക്കാത്ത തരത്തിലുള്ള കനത്ത ഇടിവ് വിപണിയില്‍ നിന്ന് പിന്മാറാന്‍ പലരെയും പ്രേരിപ്പിച്ചു.
മാര്‍ച്ചില്‍ വിപണി തിരുത്തലിന്റെ ഏറ്റവും താഴ്‌ന്ന നിലയിലെത്തിയ സമയത്ത് ഓഹരികള്‍ വാങ്ങിയ നിക്ഷേപകരില്‍ ഒരു വിഭാഗം 15-20 ശതമാനം നേട്ടം കിട്ടിയപ്പോള്‍ ലാഭമെടുത്തതും വില്‍പ്പന കൂടാന്‍ കാരണമായിട്ടുണ്ട്.
വിപണിയിലെ ചാഞ്ചാട്ടം തുടരുമെന്ന കണക്കുകൂട്ടലാണ് ലാഭമെടുപ്പിന് നിക്ഷേപകരെ പ്രേരിപ്പിച്ചത്.