ബ്രഹ്മോസ് മിസൈല്‍ വിയറ്റ്‌നാമിന് വില്‍ക്കാന്‍ ഇന്ത്യ; 6000 കോടിയുടെ കരാറെന്ന് സൂചനസേവന മേഖലയിൽ മുന്നേറ്റം; അഞ്ച് മാസത്തെ ഉയര്‍ന്ന വളര്‍ച്ചകൊച്ചി മെട്രോ പുതിയ കുതിപ്പില്‍രാജ്യത്ത് ഇന്ധന വില വർധനവ് ഏതാനും ദിവസത്തിനകം? LPG വിലയും വർധിപ്പിച്ചേക്കുംവിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവ്; ചൈനീസ് പങ്കാളിത്തമുള്ള കമ്പനികള്‍ക്കും ഇനി ഗ്രീന്‍ സിഗ്‌നല്‍

എഐ സർവീസസ് കമ്പനികളുമായി ആന്ത്രോപിക്കും ഓപ്പൺ എഐയും

പുതിയ സംയുക്ത സംരംഭം പ്രഖ്യാപിച്ച് ആന്ത്രോപിക്. ബ്ലാക്ക്‌സ്റ്റോൺ, ഹെൽമാൻ ആൻഡ് ഫ്രീഡ്മാൻ, ഗോൾഡ്മാൻ സാക്സ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ വാൾസ്ട്രീറ്റ് സ്ഥാപനങ്ങളുമായി ചേർന്നാണ് ആന്ത്രോപിക് പുതിയ സംയുക്ത സംരംഭം തുടങ്ങിയത്. ഈ സംരംഭത്തിന് കീഴിൽ പുതിയൊരു എഐ സർവീസ് കമ്പനി ആരംഭിക്കാനാണ് നീക്കം.

ഇടത്തരം കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനം, അവരുടെ പ്രധാന പ്രവർത്തനങ്ങളിൽ ക്ലോഡ് എഐ മോഡലുകൾ ഉൾപ്പെടുത്താൻ സഹായിക്കും.
ടിസിഎസ്, വിപ്രോ, ഇൻഫോസിസ് പോലുള്ള സേവനാധിഷ്ഠിത കമ്പനികളുമായാണ് ഈ പുതിയ എഐ സർവീസസ് കമ്പനി മത്സരിക്കുക. നേരത്തെ ആന്ത്രോപിക്കിന്റെ ക്ലോഡ് കോവർക്ക് സംവിധാനം ഇതിനുമുമ്പ് ഇന്ത്യൻ ഐടി ഓഹരികളെ പിടിച്ചുലച്ചിരുന്നു.

വാൾസ്ട്രീറ്റ് ജേണലിൽനിന്നുള്ള റിപ്പോർട്ട് പ്രകാരം പുതിയ സംയുക്ത സംരംഭത്തിന് ആകെ 1.5 ശതകോടി ഡോളറിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ആന്ത്രോപിക്, ബ്ലാക്ക്‌സ്റ്റോൺ, ഹെൽമാൻ ആൻഡ് ഫ്രീഡ്മാൻ എന്നിവർ 300 ദശലക്ഷം ഡോളർ വീതം നിക്ഷേപിക്കാൻ സാധ്യതയുണ്ട്; ഗോൾഡ്മാൻ സാക്സ് ഏകദേശം 150 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്നും കരുതപ്പെടുന്നു.

നിക്ഷേപ പങ്കാളികൾക്ക് പുറമെ ജനറൽ അറ്റ്‌ലാന്റിക്, ലിയോനാർഡ് ഗ്രീൻ, അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ്, ജിഐസി, സെകോയ കാപിറ്റൽ പോലുള്ള കൺസോർഷ്യങ്ങളുടെ പിന്തുണയും ഈ പുതിയ സംരംഭത്തിനുണ്ടെന്നാണ് ആന്ത്രോപിക് പറയുന്നത്.

പ്രധാനമായും സേവനാധിഷ്ഠിത മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഐടി രംഗത്തിന് ആന്ത്രോപിക്കിന്റെ ഈ പുതിയ സംരംഭം കനത്ത പ്രഹരമായേക്കും. വിദേശ കമ്പനികൾക്ക് ആവശ്യമായ വിവിധങ്ങളായ സോഫ്റ്റ്‌വേർ സേവനങ്ങളിലാണ് ടിസിഎസ്, ഇൻഫോസിസ് പോലുള്ള കമ്പനികൾ പ്രധാനമായും ശ്രദ്ധചെലുത്തുന്നത്.

എന്നാൽ അത്തരം ആവശ്യങ്ങൾക്ക് വേണ്ടി കമ്പനികളുടെ താല്പര്യമനുസരിച്ചുള്ള എഐ സേവനങ്ങൾ ലഭ്യമാക്കുകയാണ് ആന്ത്രോപിക്കിന്റെ പുതിയ സംരംഭം ലക്ഷ്യമിടുന്നത്. ഇത് കൂടുതൽ ലാഭകരവും വേഗവുമുള്ളതാവുന്നതോടെ പരമ്പരാഗത സേവനാധിഷ്ഠിത കമ്പനികൾ അപ്രസക്തമായി മാറും. വാൾസ്ട്രീറ്റ് കമ്പനികളുടെ പിന്തുണ എഐ കമ്പനിയുടെ സേവനങ്ങളുടെ പ്രചാരത്തിനും ആന്ത്രോപിക്കിനെ സഹായിച്ചേക്കും.

സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് എക്സിൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് ഈ പുതിയ സംരംഭം ഉയർത്തുന്ന ഭീഷണി ചർച്ചയായിട്ടുണ്ട്.

സംരംഭത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെന്ത്?
മധ്യനിരയിലുള്ള കമ്പനികളുമായി നേരിട്ട് സഹകരിച്ച്, ഓരോ ബിസിനസിനും അനുയോജ്യമായ പ്രത്യേക എഐ ടൂളുകൾ വികസിപ്പിക്കുകയാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. ആരോഗ്യമേഖല പോലുള്ള പ്രധാന രംഗങ്ങളിൽ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന അമിതമായ ജോലിഭാരം കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ആന്ത്രോപിക് എൻജിനീയർമാർ ഉപഭോക്താക്കൾക്കൊപ്പം പ്രവർത്തിച്ച് നിലവിലുള്ള പ്രവർത്തനരീതികളിൽ എഐ മാറ്റങ്ങൾ കൊണ്ടുവരും. ഈ പുതിയ സംരംഭം ബിസിനസ് മേഖലകളിൽ നിർമിത ബുദ്ധിയുടെ ഉപയോഗം വേഗത്തിലാക്കാൻ സഹായിക്കും. ഓരോ സ്ഥാപനത്തിന്റെയും സവിശേഷമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് മികച്ച ഡിജിറ്റൽ പരിഹാരങ്ങൾ നൽകാനാണ് ഈ സേവനം ഊന്നൽ നൽകുന്നത്.

ഓപ്പൺ എഐയും സമാനമായ സ്ഥാപനം തുടങ്ങിയേക്കും
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ആന്ത്രോപിക്കിന്റെ മുഖ്യ എതിരാളിയായ ഓപ്പൺ എഐയും സമാനമായ സ്ഥാപനം തുടങ്ങാൻ ആലോചിക്കുന്നുണ്ട്. ദി ഡെവലപ്‌മെന്റ് കമ്പനി എന്ന പേരിലുള്ള ഒരു സംരംഭത്തിനായി നിക്ഷേപങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓപ്പൺ എഐ എന്നാണ് വിവരം.

10 ബില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന ഈ പദ്ധതിയിലൂടെ 19 നിക്ഷേപകരിൽനിന്ന് 400 കോടി ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ടി.പി.ജി., ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റ്, അഡ്വന്റ്, ബെയ്ൻ ക്യാപിറ്റൽ എന്നിവരാണ് നിക്ഷേപകപ്പട്ടികയിലുള്ള പ്രമുഖർ.

X
Top