
ടെഹ്റാൻ: ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് 30 ഡോളറിലധികം ഡിസ്കൗണ്ട് വാഗ്ദാനവുമായി ഇറാഖ്. പക്ഷേ, ഒരു നിബന്ധനയുണ്ട്. വാങ്ങാനെത്തുന്നവർ ഹോർമുസ് കടലിടുക്ക് കടക്കാൻ തയാറാവണം. ഹോർമുസ് കടന്നെത്തി എണ്ണ വാങ്ങിയാൽ ബാരലിന് 33.40 ഡോളർ വരെ ഡിസ്കൗണ്ടാണ് ബാസ്രാ മീഡിയം ഗ്രേഡ് ഇനത്തിന് ഇറാന്റെ ഓഫർ. നിലവിൽ ഇതിനുവില ബാരലിന് 123 ഡോളറാണ്.
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിലെ രണ്ടാമത്തെ വലിയ എണ്ണ ഉൽപാദകരാണ് ഇറാഖ്. ഹോർമുസ് പ്രതിസന്ധിക്ക് മുൻപ് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ സ്രോതസ്സുകളിൽ ഒന്നായിരുന്നു ഇറാഖ്. പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ ഹോർമുസ് വഴി ഇറാഖിൽ നിന്ന് ഇന്ത്യയിൽ എത്തിയിരുന്നു.
യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ഇപ്പോൾ ഇറാഖിൽ നിന്ന് എണ്ണ വാങ്ങാനാവുന്നില്ല. ഇറക്കുമതി പൂജ്യമായി. ഈ സാഹചര്യത്തിൽ, വമ്പൻ ഡിസ്കൗണ്ട് ഓഫർ മുന്നിലുണ്ടെങ്കിലും ഇറാഖി എണ്ണ വാങ്ങുക ഇന്ത്യയ്ക്ക് എളുപ്പമല്ല. മാത്രമല്ല, ഹോർമുസിൽ വീണ്ടും ഇറാനും യുഎസും നിയന്ത്രണവും നിലപാടും കടുപ്പിച്ചുംകഴിഞ്ഞു. കപ്പലുകൾ ഈ വഴി കടന്നുപോകുന്നുമില്ല.
മേയ് 10നകം കപ്പലിൽ നിറയ്ക്കുന്ന ബാസ്രാ എണ്ണയ്ക്കാണ് ഇറാഖ് ബാരലിന് 33.40 ഡോളർ വീതം ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. മേയ് 11 മുതൽ 31 വരെ എത്തുന്ന കപ്പലുകൾക്ക് ഡിസ്കൗണ്ട് ഓഫർ ബാരലിന് 26 ഡോളർ. ബാസ്രാ ഹെവി ഇനത്തിന് മേയിൽ ബാരലിന് 30 ഡോളറും ഡിസ്കൗണ്ട് നേടാം.
അതേസമയം, ഏപ്രിലിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി മാർച്ചിലെ പ്രതിദിനം 45 ലക്ഷം ബാരലിൽ നിന്ന് 44 ലക്ഷമായി കുറഞ്ഞിരുന്നു. പ്രതിദിനം 16 ലക്ഷം ബാരൽ എണ്ണയും എത്തിയത് റഷ്യയിൽ നിന്നാണ്. 6.85 ലക്ഷം വീതം ബാരലുമായി സൗദി അറേബ്യയാണ് രണ്ടാമത്. 5.75 ലക്ഷം ബാരൽ വീതവുമായി യുഎഇ മൂന്നാമതും.
യുഎഇ ഈമാസം ഒന്നിന് പ്രാബല്യത്തിൽ വന്നവിധം ഒപെക്, ഒപെക് പ്ലസ് എന്നിവയിലെ അംഗത്വം ഉപേക്ഷിച്ചിരുന്നു. യുഎഇയുടെ ഈ തീരുമാനം ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ. ഇറാൻ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ കഴിഞ്ഞമാസം പുനരാരംഭിച്ചിരുന്നു.
കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള ഊർജോൽപന്ന ഇറക്കുമതിയെയും ഹോർമുസ് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.






