
ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകനായ രാധാകൃഷ്ണന്‍ ദമാനി, യുണൈറ്റഡ് ബ്ര്യൂവറീസ് ലിമിറ്റഡി(യുബിഎല്‍)ലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി. തന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനം ഡിറൈവ് ട്രേഡിംഗ് ആന്റ് റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിലൂടെയാണ് കമ്പനിയിലുള്ള നിക്ഷേപം ദമാനി വര്‍ധിപ്പിച്ചത്. ഏറ്റവും പുതിയ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം ദമാനിയ്ക്ക് യുബിഎല്ലില്‍ 32,52,378 എണ്ണം അഥവാ 1.23 ശതമാനം ഓഹരികളാണുള്ളത്.
മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 31,95,834 എണ്ണം അഥവാ 1.21 ശതമാനം ഓഹരികളാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 50,000 എണ്ണം ഓഹരികള്‍, ദമാനി അധികം സ്വന്തമാക്കി എന്ന് മനസ്സിലാക്കാം. ബിയര്‍ നിര്‍മ്മാതാക്കളായ യുബിഎല്‍ ജൂണിലവസാനിച്ച പാദത്തില്‍ അറ്റാദായം 162.5 കോടി രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു.
മുന്‍ സാമ്പത്തിവര്‍ഷത്തെ സമാന പാദത്തേക്കാള്‍ 5 ഇരട്ടി അധികമാണിത്. 2021 ജൂണ്‍ പാദത്തില്‍ 30.9 കോടി അറ്റാദായം മാത്രമാണ് കമ്പനി രേഖപ്പെടുത്തിയത്. ജൂണ്‍ പാദത്തില്‍, കമ്പനി വരുമാനം 96 ശതമാനം വര്‍ധിച്ച് 5196 കോടി രൂപയായി. മുന്‍ സാമ്പത്തികവര്‍ഷത്തെ സമാന പാദത്തില്‍ 2,652.6 കോടി രൂപയായിരുന്നു വരുമാനം.
2022 ല്‍ യുബിഎല്‍ ഓഹരി 5 ശതമാനം ഉയര്‍ന്നിരുന്നു. നിലവില്‍ 1,625.00 രൂപയിലാണ് ഓഹരിയുള്ളത്. മികച്ച ജൂണ്‍ പാദഫലത്തിന്റെ പശ്ചാത്തലത്തിലാണ് ദമാനി കമ്പനിയില്‍ തന്റെ നിക്ഷേപം വര്‍ധിപ്പിച്ചത്. ചെറുകിട ഉത്പന്ന വിതരണ കമ്പനിയായ ഡീമാര്‍ട്ടിന്റെ മാതൃകമ്പനി അവന്യൂ സൂപ്പര്‍മാര്‍ക്കറ്റ്‌സിന്റെ ഉടമയാണ് രാധാകൃഷ്ണന്‍ ദമാനി. രാജ്യമെമ്പാടും 200 ഡീമാര്‍ട്ടുകളാണുള്ളത്.
മറ്റ് നിരവധി കമ്പനികളില്‍ രാധാകൃഷ്ണന്‍ ദമാനിയ്ക്ക് നിക്ഷേപമുണ്ട്.