
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയില്‍ പൊതുമേഖലാ ബാങ്ക് ഓഹരികള്‍ 34 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. സ്വകാര്യ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ നിക്ഷേപ വിപണി വിഹിതം കുറയുന്നതും അറ്റ പലിശ മാര്‍ജിന്‍ ദുര്‍ബലമാകുന്നതും ഉള്‍പ്പെടെയുള്ള നിരവധി വെല്ലുവിളികളാണ് ഓഹരികളുടെ പ്രകടനത്തില്‍ പ്രതിഫലിച്ചത്.
ഈ വര്‍ഷം നിഫ്‌റ്റി പി എസ് യു ബാങ്ക് സൂചിക ഏകദേശം 9 ശതമാനമാണ് ഇടിഞ്ഞത്. അതേ സമയം പ്രൈവറ്റ് ബാങ്ക് സൂചിക ഒരു ശതമാനം ഇടിവ് മാത്രമാണ് നേരിട്ടത്.
പൊതുമേഖലാ ബാങ്കുകളില്‍ എസ്‌ബിഐ മാത്രമാണ് പൊതുവെ നിക്ഷേപകര്‍ വാങ്ങാന്‍ താല്‍പ്പര്യം കാട്ടുന്ന ഓഹരി. മറ്റ് പൊതുമേഖലാ ബാങ്കുകളേക്കാള്‍ സ്വകാര്യ ബാങ്കിംഗ് മേഖലയിലെ ലാര്‍ജ്‌കാപ് ഓഹരികളോടാണ് നിക്ഷേപകര്‍ ആഭിമുഖ്യം കാട്ടുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ വളര്‍ച്ച കുറയുന്നതും കിട്ടാക്കടം സംബന്ധിച്ച ആശങ്കകളും പ്രതികൂല ഘടകങ്ങളാണ്. ഐസിഐസിഐ ബാങ്കും എച്ച്‌ഡിഎഫ്‌സി ബാങ്കും നിക്ഷേപ വിപണി വിഹിതം വര്‍ധിപ്പിച്ചതിന്റെ ഫലമായി പൊതുമേഖലാ ബാങ്കുകളുടെ നിക്ഷേപ വിപണി വിഹിതം 0.10 ശതമാനം മുതല്‍ 0.70 ശതമാനം വരെ കുറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും ശക്തമായ ഇടിവ് നേരിട്ട പി എസ് യു ബാങ്ക്‌ഓഹരി യൂകോ ബാങ്കാണ്- 34 ശതമാനം. പഞ്ചാബ് & സിന്ധ് ബാങ്കും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും യഥാക്രമം 33 ശതമാനവും 32 ശതമാനവും നഷ്‌ടം നേരിട്ടു.
കൂടാതെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, എസ്‌ബിഐ ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികള്‍ ഈ കാലയളവില്‍ 28 ശതമാനത്തിനും 2 ശതമാനത്തിനും ഇടയില്‍ ഇടിവ് രേഖപ്പെടുത്തുകയും ചെയ്‌തു.
നിഫ്‌റ്റി പി എസ് യു ബാങ്ക് സൂചിക കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 15.87 ശതമാനമാണ് താഴ്‌ന്നത്. അതേ സമയം നിഫ്‌റ്റി ഇക്കാലയളവില്‍ 1.53 ശതമാനം ഉയരുകയാണ് ചെയ്‌തത്.