
മുംബൈ: ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ നിഫ്‌റ്റി കമ്പനികളിലെ പ്രൊമോട്ടര്‍മാരുടെ ഉടമസ്ഥാവകാശം 22 വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിലയായ 41.1 ശതമാനം ആയി കുറഞ്ഞു. മൂന്ന് ത്രൈമാസങ്ങളിലായി ഈ കമ്പനികളിലെ പ്രൊമോട്ടര്‍മാരുടെ ഉടമസ്ഥാവകാശം 1.67 ശതമാനമാണ് കുറഞ്ഞത്.
2009 മുതല്‍ പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം കുറഞ്ഞുവരികയാണ്. 2019 മുതല്‍ 2021 വരെയുള്ള ഒരു ചെറിയ കാലയളവില്‍ മാത്രമാണ് പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചിട്ടുള്ളത്. സിപ്ല, ടാറ്റാ മോട്ടോഴ്‌സ് എന്നീ കമ്പനികളിലെ പ്രൊമോട്ടര്‍മാരുടെ ഉടമസ്ഥാവകാശം കുത്തനെ കുറഞ്ഞു.
കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളില്‍ സിപ്ലയിലെ പ്രൊമോട്ടര്‍മാരുടെ ഉടമസ്ഥാവകാശം 4.28 ശതമാനമാണ് ഇടിഞ്ഞത്. ടാറ്റ മോട്ടോഴ്‌സിന്റെ പ്രൊമോട്ടര്‍മാര്‍ ഓഹരി ഉടമസ്ഥത 3.79 ശതമാനം കുറച്ചു.
ഭാരതി എയര്‍ടെല്‍, മഹീന്ദ്ര & മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ കമ്പനികളിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി ഉടമസ്ഥതയും ഗണ്യമായാണ് കുറഞ്ഞത്. ഓഹരികള്‍ അമിതമായ മൂല്യത്തിലെത്തുമ്പോള്‍ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ വില്‍ക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നു.
പ്രൊമോട്ടര്‍മാര്‍ക്ക് തങ്ങളുടെ കമ്പനികളുടെ മൂല്യം ഏറ്റവും നന്നായി വിലയിരുത്താനാകുക എന്നതു കൊണ്ടുതന്നെ അവര്‍ ഓഹരികള്‍ വില്‍ക്കുന്നത് കരുതല്‍ പുലര്‍ത്താനുള്ള സൂചനയാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്.
പ്രൊമോട്ടര്‍മാര്‍ അവരുടെ ഓഹരി പങ്കാളിത്തം കുറയ്‌ക്കുമ്പോള്‍ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപക സ്ഥാപനങ്ങളാണ് മുന്നോട്ട് വരുന്നത്. ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ നിഫ്‌റ്റി കമ്പനികളിലെ നിക്ഷേപക സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 47.5 ശതമാനമാണ്.