പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്

കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യങ്ങള്‍ കേരളത്തിലെ വ്യോമയാന മേഖലയ്ക്ക് കടുത്ത തിരിച്ചടിയാകുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) പുറത്തുവിട്ട 2026 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം കേരളത്തിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 44 ശതമാനത്തിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.

2025 മാര്‍ച്ചില്‍ 8,86,728 യാത്രക്കാര്‍ ആയിരുന്നത് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 4,94,429 ആയി കുറഞ്ഞു. യുദ്ധം മൂലം സര്‍വീസുകള്‍ വെട്ടിക്കുറച്ചതും വിമാന ഇന്ധനവില വര്‍ധനയെത്തുടര്‍ന്ന് ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതുമാണ് തിരിച്ചടിയായത്. യാത്രാ ആവശ്യം സാധാരണയായി വളരെ കൂടുതലുള്ള ഒരു സമയത്താണ് ഈ തടസ്സങ്ങൾ ഉണ്ടായിരിക്കുന്നത്; പ്രത്യേകിച്ച് വേനൽക്കാല അവധിക്ക് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ.

കൂടുതല്‍ വീഴ്ച കണ്ണൂരിന്‌, കൊച്ചിയിലും ഇടിവ്
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഏറ്റവും വലിയ ആഘാതം നേരിട്ടത് കണ്ണൂരാണ്‌. 2025 മാര്‍ച്ചില്‍ 70,195 അന്താരാഷ്ട്ര യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് 2026 മാര്‍ച്ചില്‍ എത്തിയത് വെറും 5,329 പേര്‍ മാത്രം. 92 ശതമാനമാണ് ഇടിവ്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 37 ശതമാനം കുറവുണ്ടായി. 2025 മാര്‍ച്ചിലെ 3,97,152ല്‍ നിന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 2,51,961 ആയി യാത്രക്കാര്‍ കുറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിലെത്തിയ രാജ്യാന്തര യാത്രക്കാരുടെ 47 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2,34,182 യാത്രക്കാരില്‍ നിന്ന് 1,23,237 ആയി കുറഞ്ഞു.

സര്‍വീസുകള്‍ കുത്തനെ കുറഞ്ഞു
അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ വലിയ കുറവുണ്ടായതാണ് യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചത്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ 2,636-ല്‍ നിന്ന് 1,532 ആയി കുറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിലേക്ക് മുന്‍വര്‍ഷം മാര്‍ച്ചില്‍ 1,725 സര്‍വീസുകള്‍ നടന്ന സ്ഥാനത്ത് ഇത്തവണ 789 ആയി ചുരുങ്ങി.

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2025 മാര്‍ച്ചിലെ 567-ല്‍ നിന്ന് വെറും 36 എണ്ണമായി കുറഞ്ഞു.
അതേപോലെ, തിരുവനന്തപുരത്തേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം 1,207-ല്‍ നിന്ന് 688 ആയി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആഭ്യന്തര മേഖലയില്‍ നേരിയ ആശ്വാസം
അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടി നേരിടുമ്പോഴും ആഭ്യന്തര സര്‍വീസുകളുടെ കാര്യത്തില്‍ കേരളം നേരിയ പുരോഗതി നിലനിര്‍ത്തുന്നുണ്ട്.

കോഴിക്കോട് (6.8%), തിരുവനന്തപുരം (6.3%), കൊച്ചി (4.4%) എന്നിങ്ങനെയാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധന.

കൊച്ചി വിമാനത്താവളം വഴി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 4,88,320 ആഭ്യന്തര യാത്രക്കാര്‍ സഞ്ചരിച്ചു. (മുന്‍വര്‍ഷം ഇത് 4,45,219 ആയിരുന്നു. കണ്ണൂരില്‍ ആഭ്യന്തര സര്‍വീസുകളില്‍ 3 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും യാത്രക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ട്. 32,595-ല്‍ നിന്ന് 34,203 ആയി.

സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
വിദേശ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഈ വന്‍ കുറവ് കേരളത്തിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വിമാന നിരക്ക് കുത്തനെ ഉയര്‍ന്നതോടെ അത്യാവശ്യ യാത്രകള്‍ പോലും മാറ്റിവെക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെപല ഗള്‍ഫ് രാജ്യങ്ങളും വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു തുടങ്ങിയിട്ടുണ്ട്. കുവൈറ്റ് രാജ്യാന്തര വ്യോമപാത തുറന്നതിന് പിന്നാലെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഫെബ്രുവരി 28 മുതലാണ് കുവൈത്ത് വ്യോമപാത അടയ്ക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത്.

യു.എ.ഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ ഉള്‍പ്പെടെയുള്ളവ സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

X
Top