
ഗാന്ധിനഗർ: രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയൻ എക്‌സ്‌ചേഞ്ച് -ഇന്ത്യ ഇന്റർനാഷണൽ ബുള്ളിയൻ എക്‌സ്‌ചേഞ്ച് (ഐഐബിഎക്‌സ്-അന്താരാഷ്ട്ര കട്ടിപ്പൊന്ന് വിനിമയകേന്ദ്രം) ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററിൽ സിംഗപ്പൂർ എക്‌സ്‌ചേഞ്ച് ലിമിറ്റഡുമായി (എസ്‌ജിഎക്‌സ്) സഹകരിച്ച് ആരംഭിച്ച എൻഎസ്‌ഇ-എസ്‌ജിഎക്‌സ് കണക്റ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ ഐഎഫ്‌എസ്‌സികളിലെ സാമ്പത്തിക ഉൽപ്പന്നങ്ങൾ, സാമ്പത്തിക സേവനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ വികസനത്തിനും നിയന്ത്രണത്തിനുമുള്ള ഏകീകൃത റെഗുലേറ്ററായ ഐഎഫ്‌എസ്‌സി അതോറിറ്റിയുടെ (ഐഎഫ്‌എസ്‌സിഎ) ആസ്ഥാന മന്ദിരത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഗാന്ധിനഗറിൽ ഗിഫ്റ്റ് സിറ്റിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, ഡോ ഭഗവത് കരാദ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, സംസ്ഥാന മന്ത്രി കനുഭായ് ദേശായി എന്നിവർ പങ്കെടുത്തു.
ഐഐബിഎക്‌സ് ലോകത്തിലെ മൂന്നാമത്തെ എക്‌സ്‌ചേഞ്ചാണ്. ആഗോള ബുള്ളിയൻ വിലകളിൽ സ്വാധീനിക്കാൻ ഇന്ത്യയെ പ്രാപ്‌തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഐബിഎക്സ് സ്ഥാപിച്ചത്. യോഗ്യതയുള്ള ജ്വല്ലറികളെ ഉൾപ്പെടുത്തി കൂടുതൽ സംഘടിത ഘടനയിലേക്ക് ഇന്ത്യൻ ബുള്ളിയൻ വിപണിയെ മാറ്റാൻ സഹായിക്കും. ഇതുവരെ, 56 ജ്വല്ലറികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ എക്‌സ്‌ചേഞ്ച് മെക്കാനിസത്തിലൂടെ നേരിട്ട് സ്വർണ്ണം ഇറക്കുമതി ചെയ്യാനും സാധിക്കും. ഏകദേശം 27 നിലകളിലായി 3 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന ഐ എഫ് എസ് സി എ ആസ്ഥാന കെട്ടിടമായ ഐ എഫ് എസ് സി എ ടവറിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.