മുംബൈയ്ക്ക് ആശ്വാസമായി മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നഗരവികസന പദ്ധതിപൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻഉത്സവ സീസണില്‍ രാജ്യത്ത് 2.7 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുതിയില്‍ ഇടിവ്തിരിച്ചടിയായി പശ്ചിമേഷ്യൻ പ്രതിസന്ധിയും ചൂടും; രാജ്യത്തിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറയുമെന്ന് ഇന്ത്യ റേറ്റിങ്സ്

ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ; 35 വേദികളിൽ മൂവായിരത്തോളം കലാകാരന്മാർ

  • ഉദ്ഘാടനത്തിന് കുഞ്ചാക്കോ ബോബനും സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതിയും വിശിഷ്ടാതിഥികൾ

തിരുവനന്തപുരം: ജില്ലയിലെ 35 വേദികളിലായി മൂവായിരത്തിലധികം കലാകാരന്മാരെ അണിനിരത്തി ഈ വർഷത്തെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ വിപുലമായി സംഘടിപ്പിക്കുമെന്ന് മസ്‌കറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ ടൂറിസം സാംസ്‌കാരികം സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാരസാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണ ഓണം വാരാഘോഷം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

340ലധികം കലാവിരുന്നുകളാണ് ഏഴു ദിവസങ്ങളിലായി ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറുന്നത്. ആഗസ്റ്റ് 24ന് വൈകിട്ട് 6.30 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയാകും.

ഉദ്ഘാടനത്തിന് മുന്നോടിയായി വൈകുന്നേരം 5.30 മുതൽ 6.30 വരെ ചലച്ചിത്രതാരം ശോഭനയുടെ നൃത്തപരിപാടിയും നിശാഗന്ധിയിൽ അരങ്ങേറും. ആഗസ്റ്റ് 30ന് നടക്കുന്ന സമാപന സമ്മേളനത്തിലും സാംസ്‌കാരിക ഘോഷയാത്രയിലും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഗവർണറും മുഖ്യമന്ത്രിയും ചടങ്ങിൽ സന്നിഹിതരായിരിക്കും.

ആഗസ്റ്റ് 21ന് ട്രേഡ് ഫെയർ ഉദ്ഘാടനം ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ അധ്യക്ഷതയിൽ നടക്കും.അതേദിവസം കോവളത്തു നിന്ന് ആരംഭിക്കുന്ന പതാക ഘോഷയാത്ര ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും പര്യടനത്തിന് ശേഷം 23ന് കനകക്കുന്നിൽ സമാപിക്കുകയും ഓണപ്പതാക ഉയർത്തുകയും ചെയ്യും. പതിവ് വേദികൾക്ക് പുറമെ ഇത്തവണ കോവളത്ത് പുതിയ വേദിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഗസ്റ്റ് 23ന് ഭാരത് ഭവനിൽ തിരുവാതിര മത്സരവും കനകക്കുന്നിൽ ഫുഡ് ഫെസ്റ്റിവലും ആരംഭിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഫുഡ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 മണിക്ക് ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ആഗസ്റ്റ് 24ന് ജവഹർ ബാലഭവനിൽ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും പ്രത്യേകം അത്തപ്പൂക്കള മത്സരവും സംഘടിപ്പിക്കും.

പോലീസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തൂഫാൻ’, കെ 9 സ്‌ക്വാഡ്, സൈബർ ബോധവൽക്കരണം, വനിതാ സെൽഫ് ഡിഫൻസ് ലൈവ് പ്രദർശനം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

ഹരിതചട്ടം പാലിക്കുന്നതിനായി ശുചിത്വ മിഷനുമായി സഹകരിച്ച് ‘ഇത്തവണ പൂർണമായും ഹരിത ഓണം’ എന്ന ആശയത്തിലൂന്നിയാകും ഓണം ആഘോഷിക്കുന്നത്.

ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, വകുപ്പ് ഡയറക്ടർ അഞ്ജന എം, കെ റ്റി ഡി സി എം ഡി ഹർഷിൽ ആർ മീണ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

X
Top