Alt Image
വിദേശനാണ്യ ശേഖരം 705.3 ബില്യൺ ഡോളറിലേക്ക് താഴ്ന്നു ◆ യുഎസില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് ◆ ഇന്ത്യയിൽ സ്‍മാർട്ട്ഫോൺ വിൽപ്പനയിൽ 20% ഇടിവ്; ഏറ്റവും വലിയ തിരിച്ചടി ബജറ്റ് ഫോണുകൾക്ക് ◆ എല്‍പിജി ഇറക്കുമതി കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് ◆ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിച്ചെലവിൽ കുതിപ്പ്; 19.5 ബില്യൺ ഡോളറിന്റെ പർച്ചേസ് ◆

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 അവസാനത്തോടെ; സൂറത്ത്-വാപ്പി പാതയിൽ ആദ്യ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി

  • പദ്ധതി പൂർണ്ണസജ്ജമാകുന്നതോടെ റോഡ് മാർഗം എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ എടുക്കുന്ന മുംബൈ-അഹമ്മദാബാദ് യാത്ര രണ്ട് മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാകും

ഡൽഹി: ഇന്ത്യയുടെ അതിവേഗ റെയിൽ യാത്രാ സ്വപ്നത്തിന് ചിറകുമുളയ്ക്കുന്നു. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027 അവസാനത്തോടെ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായ സൂറത്ത്–വാപ്പി സെക്ഷനിലായിരിക്കും ആദ്യഘട്ട സർവീസ്.

മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന 508 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ ബാക്കി ഭാഗങ്ങൾ പിന്നീട് ഘട്ടംഘട്ടമായി തുറന്നുകൊടുക്കും.

പദ്ധതി പൂർണ്ണസജ്ജമാകുന്നതോടെ റോഡ് മാർഗം എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ എടുക്കുന്ന മുംബൈ-അഹമ്മദാബാദ് യാത്ര രണ്ട് മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാകും. 2026 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുകയാണ്.

456 കിലോമീറ്റർ ദൂരത്തിൽ പിയർ നിർമ്മാണവും 371 കിലോമീറ്റർ ദൂരത്തിൽ വയഡക്ട് നിർമ്മാണവും പൂർത്തിയായി. 299 കിലോമീറ്റർ പാതയിൽ ആറുലക്ഷത്തിലധികം ശബ്ദനിയന്ത്രണ സംവിധാനങ്ങളും, 206 കിലോമീറ്റർ വയഡക്ടിൽ 9,300 ഓവർഹെഡ് ഇലക്ട്രിഫിക്കേഷൻ മാസ്റ്റുകളും സ്ഥാപിച്ചു. പദ്ധതിയിലെ എട്ട് സ്റ്റേഷനുകളുടെ സിവിൽ നിർമ്മാണം പൂർത്തിയായി. നിലവിൽ ആർക്കിടെക്ചറൽ ഫിനിഷിങ് ജോലികൾ പുരോഗമിക്കുന്നു. നാല് മലനിര ടണലുകളുടെ നിർമ്മാണം പൂർത്തിയായി.

മഹാരാഷ്ട്രയിലെ 21 കിലോമീറ്റർ ടണലിൽ മൗണ്ടൻ ടണലിങ് രീതിയിലൂടെ അഞ്ച് കിലോമീറ്റർ നിർമ്മാണവും പൂർത്തീകരിച്ചു. താനെ ക്രീക്കിന് അടിയിലൂടെ കടന്നുപോകുന്ന റെയിൽ ടണലാണ് പദ്ധതിയുടെ പ്രധാന ആകർഷണം. മഹാരാഷ്ട്രയിലെ 21 കിലോമീറ്റർ ദൈർഘ്യമുള്ള ടണലിൽ ഏഴ് കിലോമീറ്റർ കടലിനടിയിലൂടെയാണ് നിർമ്മിക്കുന്നത്.

2026 ജൂലൈയിൽ വിക്രോളിയിൽ നിന്നും സാവ്ലിയിൽ നിന്നും രണ്ട് ഭീമൻ ടണൽ ബോറിങ് മെഷീനുകൾ ഉപയോഗിച്ചുള്ള നിർമ്മാണവും ആരംഭിച്ചു. 13.6 മീറ്റർ കട്ടർഹെഡ് വ്യാസവും 96 മീറ്റർ നീളവും 3,000 ടണ്ണിലധികം ഭാരവുമുള്ള യന്ത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ നിർമ്മാണവും പുരോഗമിക്കുകയാണ്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയും BEML-ഉം ചേർന്ന് നിർമ്മിക്കുന്ന B28 ട്രെയിൻസെറ്റിന്റെ ആദ്യ ബോഡി ഫ്രെയിം പൂർത്തിയാക്കി പരിശോധനകൾ നടത്തിവരികയാണ്.

മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയ്ക്കായി രൂപകൽപ്പന ചെയ്ത ഇവയുടെ ട്രാക്ക് പരീക്ഷണങ്ങൾ 2027 മധ്യത്തോടെ ആരംഭിക്കും. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത ലക്ഷ്യമിടുന്ന B35 ട്രെയിനും അടുത്ത ഘട്ടത്തിൽ പരിഗണനയിലുണ്ട്. 2017 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ സർക്കാരും ചേർന്നാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.

മഹാരാഷ്ട്രയിലെ ഭൂമി ഏറ്റെടുക്കലിലെ കാലതാമസവും കോവിഡ് മഹാമാരിയും കാരണം നിർമ്മാണം തടസ്സപ്പെട്ടിരുന്നു. 2021 മുതലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ ആരംഭിച്ചതെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.

X
Top