
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മത്സരം കടുക്കുന്നതിനിടെ ജീവനക്കാരുടെ പ്രവർത്തന മികവും പ്രതിഫലവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നു. കമ്പനിയുടെ സുപ്രധാന ക്ലൗഡ് വിഭാഗമായ അസ്യൂറിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് അധിക ഓഹരി ആനുകൂല്യങ്ങൾ നൽകാനാണ് തീരുമാനം.
അസ്യൂർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അരുൺ ഉലഗരാച്ചഗൻ ജീവനക്കാർക്ക് അയച്ച ആഭ്യന്തര മെമ്മോയിലാണ് ഈ നിർണ്ണായക മാറ്റങ്ങൾ വ്യക്തമാക്കിയിട്ടുള്ളതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
മികച്ച സംഭാവനകൾ നൽകുന്നവർക്ക് ഗണ്യമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം, പ്രതീക്ഷിച്ച നിലവാരത്തിലെത്താത്തവരുടെ കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിക്കാനുമാണ് കമ്പനിയുടെ നീക്കം.
പുതിയ നയമനുസരിച്ച് ഏറ്റവും ഉയർന്ന പ്രകടന റേറ്റിങ് നേടുന്ന ജീവനക്കാർക്ക് അധിക ഓഹരികൾ ലഭിക്കുമെങ്കിലും ഇതിന്റെ കൃത്യമായ കണക്കുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
അതേസമയം, പ്രകടനത്തിൽ പിന്നോട്ട് നിൽക്കുന്ന ജീവനക്കാരുമായി മാനേജർമാർ ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തുകയും, മെച്ചപ്പെടുത്തേണ്ട മേഖലകൾ കൃത്യമായി നിർദേശിക്കുകയും ചെയ്യും. ജീവനക്കാർക്ക് വ്യക്തമായ ലക്ഷ്യങ്ങളും കൃത്യസമയത്തുള്ള പ്രതികരണങ്ങളും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കി.
എഐ മോഡലുകൾ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വൻതോതിലുള്ള ക്ലൗഡ് കമ്പ്യൂട്ടിങ് സൗകര്യങ്ങൾ അനിവാര്യമായതോടെ ആമസോൺ, ഗൂഗിൾ എന്നീ കമ്പനികളിൽ നിന്ന് അസ്യൂർ കടുത്ത മത്സരമാണ് നേരിടുന്നത്.
ഈ സാഹചര്യത്തിൽ പഴയ പോരായ്മകൾ പരിഹരിച്ച് പ്രവർത്തന മികവിൽ വലിയ മുന്നേറ്റം ഉണ്ടാക്കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഐ അടിസ്ഥാന സൗകര്യങ്ങളിൽ വൻ നിക്ഷേപം നടത്തുന്നതിനൊപ്പം ജീവനക്കാരുടെ ഘടനയിലും കമ്പനി മാറ്റങ്ങൾ വരുത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായി ഒക്ടോബറിൽ ഇന്ത്യയിലേതടക്കം അർഹരായ വിവിധ ടീമുകളിലെ ഏകദേശം 60,000 ജീവനക്കാർക്ക് സ്വമേധയാ ജോലി വിടാനുള്ള അവസരം മൈക്രോസോഫ്റ്റ് നൽകിയിരുന്നു.
സമാനമായ രീതിയിൽ എഐ നീക്കങ്ങളോട് പൂർണ്ണമായി സഹകരിക്കാത്ത ജീവനക്കാർ സ്വമേധയാ പിരിഞ്ഞുപോകുന്നത് പരിഗണിക്കണമെന്ന് ഗൂഗിളും അടുത്തിടെ നിർദേശിച്ചിരുന്നു.






