മുംബൈ: ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ഓല ഇലക്‌ട്രിക്കിന് ലിസ്റ്റിംഗ് ദിനത്തില്‍ `ഫ്‌ളാറ്റ്’ ആയ തുടക്കം. 76 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓല ഇലക്‌ട്രിക് അതേ വിലയിലാണ് ഇന്നലെ എന്‍എസ്‌ഇയില്‍ വ്യാപാരം ആരംഭിച്ചത്.
അതേ സമയം ലിസ്റ്റിംഗിനു ശേഷം ഓഹരി വില 20 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 91.20 രൂപയാണ് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.
കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രേ മാര്‍ക്കറ്റില്‍ ഇഷ്യു വിലയേക്കാള്‍ രണ്ട്-മൂന്ന് രൂപ താഴെയായാണ് ഓല ഇലക്‌ട്രിക് വ്യാപാരം ചെയ്‌തിരുന്നത്. ഓഗസ്റ്റ് രണ്ട് മുതല്‍ 6 വരെയയിരുന്നു ഓല ഇലക്ട്രിക്കിന്റെ ഐപിഒ നടന്നത്.
6145.56 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിച്ചത്. 5500 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 645.56 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.
പബ്ലിക് ഇഷ്യു നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഓല ഇലക്‌ട്രിക്. ഡിസംബറിലാണ് പബ്ലിക് ഇഷ്യുവിന് അനുമതി തേടി കമ്പനി സെബിയെ സമീപിച്ചത്.
കഴിഞ്ഞ മാസമാണ് ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ നടത്തുന്നതിന് സെബിയുടെ അനുമതി ലഭിച്ചത്. ഐപിഒ വഴി സമാഹിക്കുന്ന തുക ഓല ഇലക്‌ട്രിക് കടം തിരിച്ചടക്കുന്നതിനും മൂലധന ചെലവിനും ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കും.
മൂലധന ചെലവിനായി 1226 കോടി രൂപയും കടം തിരിച്ചടക്കുന്നതിനായി 800 കോടി രൂപയുമാണ് വകയിരുത്തുന്നത്. ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് കൂടുതല്‍ തുക ചെലവിടുന്നത്- 1600 കോടി രൂപ.
ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയില്‍ 52 ശതമാനം വിപണി പങ്കാളിത്തമാണ് ഓല ഇലക്‌ട്രിക്കിനുള്ളത്. ചെലവുകള്‍ വര്‍ധിച്ചതു മൂലം കമ്പനിയുടെ നഷ്‌ടവും കൂടി വരികയാണ്.
2021-22നും 2023-24നും ഇടയില്‍ കമ്പനി 239 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്. ഇക്കാലയളവില്‍ വരുമാനം 456.26 കോടി രൂപയില്‍ നിന്നും 5243.27 കോടി രൂപയായി വളര്‍ന്നു. അതേ സമയം നഷ്‌ടം 784.15 കോടി രൂപയില്‍ നിന്നും 1584.40 കോടി രൂപയായാണ് വര്‍ധിച്ചത്.
ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ടൂവീലർ നിർമാതാക്കളായ ഓല, ആഗോളതല വിപുലീകരണമാണ് ഉന്നമിടുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ കമ്പനി 5,009.8 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടിയിരുന്നു. 2022-23ലെ 2,630 കോടി രൂപയിൽ നിന്നാണ് വളർച്ച.
അതേസമയം, കമ്പനിയുടെ നഷ്ടം 1,472 കോടി രൂപയിൽ നിന്ന് 1,584.4 കോടി രൂപയായി വർധിക്കുകയും ചെയ്തിരുന്നു.
ബാറ്ററി പായ്ക്ക്, മോട്ടോർ, വാഹന ഫ്രെയിം എന്നിവയും നിർമിക്കുന്ന ഓല, ഐപിഒയിലൂടെ സമാഹരിച്ച തുകയിൽ 1,227.64 കോടി രൂപ ഉൽപാദനശേഷി വർധിപ്പിക്കാനാണ് പ്രയോജനപ്പെടുത്തുക.
800 കോടി രൂപ കടം വീട്ടാനും 1,600 കോടി രൂപ ഗവേഷണത്തിനും ഉൽപന്ന വികസനത്തിനും 350 കോടി രൂപ വളർച്ച മെച്ചപ്പെടുത്താനും ഉപയോഗിക്കും. നിലവിൽ വെബ്സൈറ്റിന് പുറമേ 870 എക്സ്പീരിയൻസ് സെന്ററുകളും 431 സർവീസ് സെന്ററുകളുമാണ് കമ്പനിക്കുള്ളത്.
2017ൽ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ച ഓല ഇലക്ട്രിക് ഇതുവരെ ലാഭം കൈവരിച്ചിട്ടില്ല. 72-76 രൂപ നിരക്കിലായിരുന്നു ഓല ഇലക്ട്രിക്കിന്റെ ഐപിഒ.
ഇതിൽ 72 രൂപയ്ക്കായിരുന്നു ലിസ്റ്റിങ് എങ്കിൽപ്പോലും ഓല ഇലക്ട്രിക് സ്ഥാപകൻ ഭവിഷ് അഗർവാളിന് അത് ലോട്ടറിയാണ്. ഓഹരി 72 രൂപയ്ക്ക് ലിസ്റ്റ് ചെയ്താൽ അദ്ദേഹത്തിന്റെ ആസ്തിയിൽ 120 കോടി ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) വർധനയുണ്ടാകും.
മൊത്തം ആസ്തി 230 കോടി ഡോളറുമാകും (19,297 കോടി രൂപ).