മുംബൈ: ജൂലൈയില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപിക്കപ്പെട്ടത് 23,332 കോടി രൂപ. ഒരു മാസം എസ്‌ഐപി വഴി നിക്ഷേപിക്കപ്പെടുന്ന തുക ആദ്യമായാണ് 23,000 കോടി രൂപക്ക് മുകളിലെത്തുന്നത്.
ജൂണില്‍ 23,332 കോടി രൂപയായിരുന്നു എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടിരുന്നത്. ഒരു മാസം കൊണ്ട് 10 ശതമാനം വര്‍ധന എസ്‌ഐപി നിക്ഷേപത്തിലുണ്ടായി.
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിലെയോ ബാങ്കുകളിലെയോ റെക്കറിംഗ് ഡെപ്പോസിറ്റുകളില്‍ എല്ലാ മാസവും നിശ്ചിത തീയതിക്ക് നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍.
സാധാരണക്കാര്‍ക്കും ഓഹരി നിക്ഷേപം സാധ്യമാക്കുന്ന ഏറ്റവും ഉചിതമായ നിക്ഷേപ രീതിയാണ് ഇത്.
ജൂലൈയില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്‌തി ആറ് ശതമാനം ഉയര്‍ന്ന് 64.69 ലക്ഷം കോടി രൂപയിലെത്തി.
ജൂണില്‍ ഇത് 60.89 ലക്ഷം കോടി രൂപയായിരുന്നു. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം അറ്റനിക്ഷേപത്തില്‍ 9 ശതമാനം ഇടിവാണ് കഴിഞ്ഞ മാസം ഉണ്ടായത്. സെക്‌ടര്‍ ഫണ്ടുകളിലെ നിക്ഷേപം 18 ശതമാനം കുറഞ്ഞു.
വിപണി ഇടിയുമ്പോള്‍ എസ്‌ഐപി മുടക്കരുത് എന്ന തത്വം നിക്ഷേപകര്‍ പാലിക്കുന്നു എന്നാണ് എസ്‌ഐപി നിക്ഷേപത്തിന്റെ വളര്‍ച്ച വ്യക്തമാക്കുന്നത്.
ഓഹരി വിപണി പോലുള്ള ആസ്‌തി മേഖലകളില്‍ ചാഞ്ചാട്ടം അടിസ്ഥാന സ്വഭാവമാണെന്നിരിക്കെ കയറ്റിറക്കത്തിനുള്ള സാധ്യത മുന്നില്‍ കാണാന്‍ നിക്ഷേപകര്‍ എപ്പോഴും തയാറാകണം.
പലരും വിപണി ഇടിവ് നേരിടുന്ന ഘട്ടങ്ങളില്‍ തിരുത്തല്‍ തുടരുമെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ എസ്‌ഐപി നിര്‍ത്താറുണ്ട്.
താഴ്‌ന്ന നിലകളില്‍ കൂടുതല്‍ വാങ്ങുക എന്ന എസ്‌ഐപിയുടെ അന്തസ്സത്തയാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. വിപണി വീണ്ടും ഉയരുകയാണെങ്കില്‍ അത്തരം നിക്ഷേപകര്‍ക്ക് അവസരം നഷ്‌ടമാകുകയും ചെയ്യും.
എസ്‌ഐപി തവണകള്‍ മുടക്കാതെ നിക്ഷേപിച്ചാല്‍ മാത്രമേ ഫലപ്രദമാകുകയുള്ളൂ.