
യൂറോപ്പിലെ കാർ വിപണി മാത്രമല്ല തങ്ങളുടെ കാർ മോഡലുകളുടെ ഡിസൈനുകളും സവിശേഷതകളും വരെ ചൈനീസ് കാർ ബ്രാൻഡുകൾ കവരുന്നുവെന്ന ആശങ്കയിലാണ് പല കാർ നിർമാണ കമ്പനികളും.
ആഡംബര കാർ നിർമാതാക്കളായ ജാഗ്വാർ ആന്റ് ലാൻഡ് റോവർ ചൈനീസ് കമ്പനി ബിവൈഡിക്കെതിരെ ഡിസൈൻ മോഷണം കാണിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ്.
ജെആർഎല്ലിന്റെ സ്വന്തം ഡിഫൻഡറുമായി ഏറെ രൂപ സാദൃശ്യമുള്ളതാണ് ബിവൈഡിയുടെ ഒരു എസ് യുവിയെന്ന പരാതിയിൽ ബിവൈഡിയുടെ നെതർലൻഡ്സിലെ ഓഫീസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന വരെ നടത്തിക്കഴിഞ്ഞു.
ജെആർഎല്ലിന്റെ അഭിമാനമായ ഡിഫൻഡറിൽ തൊട്ടുകളിച്ചെന്ന ആശങ്കയാണ് അവരെ കോടതിയെ സമീപിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ചൈനയിലും ഇപ്പോൾ യൂറോപ്പിലും എത്തിയിരിക്കുന്ന ബിവൈഡിയുടെ ടിഐ7 എസ് യുവിയാണ് ഡിഫൻഡറിന്റെ ഈച്ചക്കോപ്പിയാണെന്ന ആരോപണം നേരിടുന്നത്.
രണ്ടു മോഡലുകളുടേയും ചിത്രങ്ങളെടുത്ത് പരിശോധിച്ചാൽ ഒറ്റനോട്ടത്തിൽ തന്നെ സാമ്യത വ്യക്തമാവും. ലൈറ്റുകളും ഗ്രില്ലും മറച്ചുപിടിച്ചു നോക്കിയാൽ ഏതാണ് ഡിഫൻഡറെന്ന് തിരിച്ചറിയാൻ തന്നെ പാടായിരിക്കും.
കാഴ്ച്ചയിലെ സാമ്യത മാത്രമല്ല വിലയിലെ കുറവും ജെആർഎല്ലിന്റെ ആശങ്കക്ക് കാരണമാവുന്നുണ്ട്. ബിവൈഡിയുടെ ടിഐ7 മോഡലിന് യുകെയിലെ പ്രാരംഭവില 47,995 പൗണ്ടാണ്. ഏറ്റവും കുറഞ്ഞ വിലയിലുള്ള ഡിഫൻഡർ 110 സ്വന്തമാക്കണമെങ്കിൽ പോലും ഇതിനേക്കാൾ 16,000 പൗണ്ടിലേറെ നൽകേണ്ടി വരും. ഇരു മോഡലുകളും തമ്മിലുള്ള വില വ്യത്യാസം 20 ലക്ഷം രൂപയിലേറെ വരും.
യൂറോപ്യൻ വിപണിയിലെത്തുന്ന ടിഐ7 മോഡലിൽ 1.5 ലീറ്റർ ഇൻലൈൻ 4 എൻജിനും നാല് ഇലക്ട്രിക്ക് മോട്ടറുകളും ചേരുന്ന ബിവൈഡിയുടെ സൂപ്പർ ഹൈബ്രിഡ് പവർട്രെയിനാണുള്ളത്. ഇത് 402 ബിഎച്ച്പി കരുത്ത് പുറത്തെടുക്കും.
പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കാൻ 4.8 സെക്കൻഡ് മതി. ഇതിലെ 35.6 കിലോവാട്ട് ബാറ്ററി 119 കിലോമീറ്റർ റേഞ്ചും നൽകും. മൊത്തത്തിൽ ഡിഫൻഡറിനും ജെആർഎല്ലിനും ബിവൈഡി ടിഐ7 വലിയ വെല്ലുവിളിയാണെന്ന കാര്യത്തിൽ സംശയമില്ല.
ബിവൈഡിയുടെ ടിഐ7 മാത്രമല്ല കാഴ്ച്ചയിലും പെർഫോമെൻസിലും ജെആർഎൽ മോഡലുകൾക്ക് വെല്ലുവിളിയായ വേറെയും ചൈനീസ് മോഡലുകളുണ്ട്. ചെറി ഗ്രൂപ്പിനു കീഴിലുള്ള ജെകൂ നിർമിച്ച 7 എന്ന എസ് യുവി ഇതിലൊന്നാണ്.
കുറഞ്ഞ വിലയും റേഞ്ച് റോവർ ഫീലാൻഡർ, ഇവോക് എന്നിവയോടുള്ള സാദൃശ്യവും കാരണം ടെമു റേഞ്ച് റോവർ എന്നാണ് ജെകൂ 7 അറിയപ്പെടുന്നതു തന്നെ. യൂറോപിൽ ഈ മോഡൽ തരംഗമാണ്.
യുകെ കാർ വിപണിയിൽ വിൽപനയിൽ ഒന്നാമതെത്തുന്ന ആദ്യ ചൈനീസ് വാഹനമെന്ന റെക്കോഡും ജെകൂ 7 സ്വന്തമാക്കിയിട്ടുണ്ട്. എങ്കിലും ഇതുവരെ ജെകൂവിനെതിരെ ജെആർഎൽ നിയമനടപടികളിലേക്കു കടന്നിട്ടില്ല. ചൈനയിൽ ചെറിയുമായുള്ള സംയുക്ത സംരംഭമുള്ളതിനാലാണ് കടുത്ത നടപടിക്ക് അവർ തയാറാവാത്തതെന്ന സൂചനയുമുണ്ട്.
2016ൽ ജിയാങ്ലിങ് മോട്ടർ കോർപറേഷനെ(ജെഎംസി) ജെആർഎൽ കോടതി കയറ്റിയിരുന്നു. ജെഎംസിയുടെ ലാൻഡ് വിൻഡ് എക്സ്7 മോഡലിന് ജെആർഎല്ലിന്റെ ഒന്നാം തലമുറ ഇവോക്കുമായുള്ള സാമ്യതയാണ് കമ്പനിയെ പ്രകോപിപ്പിച്ചത്.
ഇവോക്കിന് 54,000 ഡോളറാണ് വിലയെങ്കിൽ അതേ രൂപഭാവങ്ങളിലെത്തിയ ലാൻഡ് വിൻഡ് എക്സ് 7ന് 19,000 ഡോളർ മാത്രമായിരുന്നു വില. ഇതോടെയാണ് ജെആർഎൽ നിയമനടപടികളുമായി മുന്നോട്ടുപോയത്.
ഇവോക്കിന്റെ അഞ്ച് പ്രധാന ഡിസൈൻ ഭാഗങ്ങൾ ജെഎംസി പകർത്തിയെന്ന് കോടതി കണ്ടെത്തുകയും എക്സ് 7ന്റെ ഉത്പാദനം ഉടനടി നിർത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു.






