
സ്വര്‍ണ വില വലിയ കുതിപ്പ് തുടരുന്ന സമയമാണ്. 2025 ല്‍ ഇതുവരെ 30 ശതമാനമാണ് രാജ്യാന്തര വിലയിലുണ്ടായ വര്‍ധന.
അതേസമയം കഴിഞ്ഞ വര്‍ഷം 45 ശതമാനം വര്‍ധനവുണ്ടായി. ഈ വില വര്‍ധനയിലെ നേട്ടം സ്വന്തമാക്കുകയാണ് മലയാളി നിക്ഷേപകര്‍. സ്വര്‍ണ ഇടിഎഫിലെ നിക്ഷേപം ഈ വര്‍ഷം എല്ലാ മാസത്തിലും വര്‍ധിക്കുകയാണ് എന്നാണ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്ത്യയുടെ കണക്ക്.
മേയ് മാസത്തിലെ കണക്കുപ്രകാരം 331.97 കോടി രൂപയാണ് ഗോള്‍ഡ് ഇടിഎഫിലുള്ള മലയാളി നിക്ഷേപം. 2025 ജനുവരിയില്‍ 253.11 കോടി രൂപയുടെ നിക്ഷേപമാണ് മലയാളികള്‍ ഗോള്‍ഡ് ഇടിഎഫില്‍ നടത്തിയത്.
ഫെബ്രുവരിയില്‍ 273.59 കോടി രൂപയും മാര്‍ച്ചില്‍ 293.63 കോടി രൂപയുമായി ഇടിഎഫ് നിക്ഷേപം വര്‍ധിച്ചിരുന്നു. ഏപ്രിലിലാണ് ഇടിഎഫ് നിക്ഷേപം ആദ്യമായി 300 കോടി കടന്നത്. 312.57 കോടിയായിരുന്നു ഏപ്രിലിലെ കണക്ക്.
മേയ് മാസത്തിലെ കണക്കുപ്രകാരം ഇത് 331.97 കോടി രൂപയായി ഉയര്‍ന്നു. ഡിസംബറില്‍ 238.99 കോടി രൂപയായിരുന്നു നിക്ഷേപം. ഈ വര്‍ഷം മാത്രം 93 കോടി രൂപയുടെ ഇടിഎഫ് നിക്ഷേപമാണ് മലയാളികള്‍ നടത്തിയത്.
ഒരു വര്‍ഷം മുന്‍പ് 2024 ജനുവരിയില്‍ 137.09 കോടി രൂപയായിരുന്നു മലയാളിയുടെ ഗോള്‍ഡ് ഇടിഎഫ് നിക്ഷേപം. 62124.97 കോടി രൂപയാണ് ഇന്ത്യയിലെ ആകെ ഗോള്‍ഡ് ഇടിഎഫ് നിക്ഷേപം.
അതേസമയം ചരിത്രത്തിലാദ്യമായി മലയാളിയുടെ മ്യൂച്വൽഫണ്ടിലെ മൊത്തം നിക്ഷേപം 90,000 കോടി രൂപ കടന്നു. മേയിൽ കേരളത്തിൽ നിന്നുള്ള മൊത്ത നിക്ഷേപം 91,270.95 കോടി രൂപയിയാണ്.