
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി താരിഫ് നിര്‍ണയ രീതികളില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ (KSERC). 2027 ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള (2027-32) പുതിയ ‘മള്‍ട്ടി ഇയര്‍ താരിഫ്’ (MYT) കരട് ചട്ടങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. നിലവിലുള്ള 2021-ലെ ചട്ടങ്ങള്‍ക്ക് പകരമായാണ് പുതിയ പരിഷ്‌കാരങ്ങള്‍ വരുന്നത്.
വൈദ്യുതി ഉല്‍പാദനം, പ്രസരണം, വിതരണം, എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ (ESS), സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്റര്‍ (SLDC) എന്നിവയ്ക്കുള്ള സമഗ്രമായ ചട്ടക്കൂടാണ് കരടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫിക്‌സഡ് ചാര്‍ജ് വരും
നിലവില്‍ അനുവദിച്ച് നല്‍കിയിട്ടുള്ള കണക്റ്റഡ് ലോഡിന്റെ (Sanctioned Load) അടിസ്ഥാനത്തിലാണ് ഫിക്‌സഡ് ചാര്‍ജ് ഈടാക്കുന്നത്. എന്നാല്‍ സ്മാര്‍ട്ട് മീറ്ററുകള്‍ നിലവില്‍ വരുന്നതോടെ, ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉപയോഗിച്ച പരമാവധി വൈദ്യുതിയുടെ (Recorded Maximum Demand) അടിസ്ഥാനത്തില്‍ ഫിക്‌സഡ് ചാര്‍ജ് ഈടാക്കുന്ന പുതിയ രീതി കരടില്‍ നിര്‍ദ്ദേശിക്കുന്നു. ഇതുവഴി ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാര്‍ജ് തുകയില്‍ വര്‍ധനവുണ്ടായേക്കും.
കൂടാതെ, ദിവസത്തിലെ ഉപയോഗ സമയത്തിനനുസരിച്ച് താരിഫ് മാറും വിധം ‘ടൈം ഓഫ് ഡേ’ (ToD), ‘ടൈം ഓഫ് യൂസ്’ (ToU) നിരക്കുകള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. പൂര്‍ണമായും പുനരുപയോഗ ഊര്‍ജ്ജം (Green Energy) മാത്രം ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് പ്രീമിയം നിരക്കില്‍ അത് തിരഞ്ഞെടുക്കാനുള്ള ‘ഗ്രീന്‍ താരിഫ്’ ഓപ്ഷനും കരടിലുണ്ട്.
ബാധ്യത നികത്താന്‍ ‘റെഗുലേറ്ററി അസറ്റ് സര്‍ചാര്‍ജ്’
കെ.എസ്.ഇ.ബിക്കുണ്ടായ 5,000 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കാനുള്ള ‘റെഗുലേറ്ററി അസറ്റ് സര്‍ചാര്‍ജ്’ പദ്ധതിയും കരട് ചട്ടത്തിലുണ്ട്.
2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 6,645 കോടി രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കിലും, ഇതില്‍ ഒരു ഭാഗം ഇതിനകം ഈടാക്കിയിട്ടുണ്ട്. ബാക്കി തുക തിട്ടപ്പെടുത്തി കമ്മീഷന്‍ വ്യക്തമായ പഠനവും തെളിവെടുപ്പും നടത്തിയ ശേഷമായിരിക്കും യൂണിറ്റിന് എത്ര രൂപ വച്ച് അസറ്റ് സര്‍ചാര്‍ജ് പിരിക്കണമെന്ന് തീരുമാനിക്കുക. ഈ തുക 2027 ഏപ്രില്‍ 1 മുതല്‍ 2031 മാര്‍ച്ച് 31 വരെയുള്ള നാല് സാമ്പത്തിക വര്‍ഷങ്ങളിലായി (2027-28 മുതല്‍ 2030-31 വരെ) തുല്യ ഗഡുക്കളായി എടുക്കും.
നിലവില്‍ വൈദ്യുതി വാങ്ങല്‍ച്ചെലവ് കമ്മീഷന്‍ അനുവദിച്ചതിനേക്കാള്‍ കൂടിയാല്‍ യൂണിറ്റിന് പരമാവധി 10 പൈസ വരെ അടുത്ത ബില്ലുകളില്‍ ഇന്ധന സര്‍ചാര്‍ജായി പിടിക്കാറുണ്ട്. ഇതിന് പുറമെ റെഗുലേറ്ററി അസറ്റ് സര്‍ചാര്‍ജ് കൂടി വരുന്നതോടെ ഉപഭോക്താക്കളുടെ കറന്റ് ബില്‍ തുക വീണ്ടും ഉയരും.
പ്രതിമാസ ഇന്ധന സര്‍ചാര്‍ജ്
ഇന്ധന വിലയിലോ വൈദ്യുതി വാങ്ങല്‍ ചെലവിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്വയം ക്രമീകരിച്ച് പ്രതിമാസം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന രീതിയാണ് പുതിയ നിര്‍ദ്ദേശം (FPPAS). വര്‍ഷാവസാനമുള്ള തുക തിട്ടപ്പെടുത്തലിന് (True-up) വിധേയമായിട്ടായിരിക്കും ഇത്.
എന്നാല്‍, നിര്‍ദ്ദിഷ്ട മാറ്റങ്ങളില്‍ നിന്ന് ചെറുകിട ഉപഭോക്താക്കളെ ഒഴിവാക്കിയിട്ടുണ്ട്. 1,000 വാട്ട് വരെ കണക്റ്റഡ് ലോഡുള്ളതും മാസം 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്നതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഈ പ്രതിമാസ ഇന്ധന സര്‍ചാര്‍ജ് ബാധകമാകില്ല.
പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇന്‍സെന്റീവ്
ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS), പമ്പ്ഡ് സ്റ്റോറേജ് പ്രൊജക്റ്റുകള്‍ (PSP) എന്നിവയ്ക്കായി പ്രത്യേക നിരക്ക് ചട്ടക്കൂട് കൊണ്ടു വരുന്നുണ്ട്. വരാനിരിക്കുന്ന BESS പ്രൊജക്റ്റുകളില്‍ ‘ഗ്രിഡ്-ഫോമിംഗ് ഇന്‍വെര്‍ട്ടറുകള്‍’ നിര്‍ബന്ധമാക്കും. BESS-ന്റെ ബാറ്ററികളുടെ കാലാവധി 15 വര്‍ഷമായും മോഡ്യൂളുകളുടേത് 12 വര്‍ഷമായും നിശ്ചയിച്ചു.
കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ ഇന്‍സെന്റീവ് വ്യവസ്ഥകളുണ്ട്. വിതരണ ശൃംഖലയിലെ തടസങ്ങള്‍ കുറയ്ക്കുന്നത് അടിസ്ഥാനമാക്കി വരുമാനത്തിന്റെ (ARR) 1% വരെ വിതരണ വിഭാഗത്തിന് ഇന്‍സെന്റീവ് ലഭിക്കും.
കെ.എസ്.ഇ.ബി പെറ്റീഷന്‍ സമര്‍പ്പിക്കേണ്ടത് നവംബറോടെ
പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടുത്ത 5 വര്‍ഷത്തെ വരവ്-ചെലവ് കണക്കുകളും (ARR) താരിഫ് ഹര്‍ജികളും 2026 നവംബര്‍ 30-നകം സമര്‍പ്പിക്കേണ്ടി വരും.
പൊതുജനങ്ങള്‍ക്കും മറ്റ് അഞ്ചുപേര്‍ക്കും കരട് നിര്‍ദ്ദേശങ്ങളില്‍ അഭിപ്രായങ്ങളും എതിര്‍പ്പുകളും അറിയിക്കാന്‍ അവസരമുണ്ട്. ഇതിനായി സെപ്റ്റംബര്‍ 18-നകം റഗുലേറ്ററി കമ്മീഷന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25 ആണ്.






