
മുംബൈ: പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ ഖജനാവ് നിറച്ച് കേന്ദ്ര സർക്കാർ. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസത്തില്‍ ഓഹരി വില്‍പ്പനയിലൂടെ 55,757 കോടി രൂപയും സർക്കാർ ആസ്തികള്‍ പണമാക്കുന്നതിലൂടെ 6,367 കോടി രൂപയും ലഭിച്ചു.
ഇതോടെ ഓഹരി, ആസ്തി വില്‍പ്പനകളിലൂടെ ആകെ ലഭിച്ച തുക 62,124 കോടി രൂപയായി. 2026- 27സാമ്പത്തിക വർഷം കേന്ദ്ര ബഡ്‌ജറ്റില്‍ നിശ്ചയിച്ച 80,000 കോടി രൂപയുടെ 78 ശതമാനമാണിത്. ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ(എല്‍.ഐ.സി), കോള്‍ ഇന്ത്യ തുടങ്ങിയ ഒൻപത് പ്രധാന കമ്പനികളുടെ ഓഹരികളാണ് ഇക്കാലയളവില്‍ വിറ്റഴിച്ചത്.
എല്‍.ഐ.സിയുടെ 6.5 ശതമാനം ഓഹരി വില്‍പ്പനയിലൂടെയാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. ഇതിലൂടെ 31,515 കോടി രൂപ ഖജനാവിലെത്തി. കോള്‍ ഇന്ത്യയുടെ രണ്ട് ശതമാനം ഓഹരികളുടെ വില്‍പ്പനയില്‍ നിന്നും 5,542 കോടി രൂപ നേടി.
നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക് കോർപ്പറേഷന്റെ(എൻ.എച്ച്.പി.സി) 6.01 ശതമാനം ഓഹരി വില്‍പ്പനയില്‍ നിന്ന് 4,357 കോടി രൂപയും ലഭിച്ചു. ഹിന്ദുസ്ഥാൻ കോപ്പറിന്റെ ആറ് ശതമാനം ഓഹരി വിറ്റ് 3,041 കോടി രൂപയാണ് സമാഹരിച്ചത്.
ഓഹരി പങ്കാളിത്തം കുറച്ച സ്ഥാപനങ്ങള്‍
എല്‍.ഐ.സി, കോള്‍ ഇന്ത്യ, എൻ.എച്ച്.പി.സി, ഹിന്ദുസ്ഥാൻ കോപ്പർ, സെൻട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ, എൻ.എല്‍.സി ഇന്ത്യ, ജനറല്‍ ഇൻഷ്വറൻസ് കോർപ്പറേഷൻ, ഇന്ത്യൻ റെയില്‍വേ ഫിനാൻസ്, കൊച്ചിൻ ഷിപ്പ്‌യാർഡ്
സമാഹരിച്ച തുക
എല്‍.ഐ.സി —-31,515 കോടി രൂപ
കോള്‍ ഇന്ത്യ—–5,542 കോടി രൂപ
എൻ.എച്ച്.പി.സി—-4,357 കോടി രൂപ
ഹിന്ദുസ്ഥാൻ കോപ്പർ—–3,041 കോടി രൂപ
മറ്റുള്ളവ: 11,302 കോടി രൂപ
ഐഡിബിഐ സ്വകാര്യവല്‍ക്കരണം
ഐഡിബിഐ ബാങ്കില്‍ കേന്ദ്ര സർക്കാരിനും എല്‍.ഐ.സിക്കുമുള്ള ഓഹരികള്‍ സ്വകാര്യ പങ്കാളികള്‍ക്ക് കൈമാറുന്നതിനുള്ള നീക്കം സജീവമായി. ദുബായിലെ എമിറേറ്റ്‌സ് എൻ.ഡി.ബി, പ്രേം വത്സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്‌സ് ഫിനാൻഷ്യല്‍ ഹോള്‍ഡിംഗ്‌സ് എന്നിവയാണ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
കേന്ദ്ര സർക്കാർ 30.48 ശതമാനവും എല്‍.ഐ.സി 30.24 ശതമാനവും ബാങ്കിലെ ഓഹരികള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.






