തിരുവനന്തപുരം: ലോജിസ്റ്റിക്ക് പാർക്ക് നയപ്രകാരം കുറഞ്ഞത് 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വലിയ ലോജിസ്റ്റിക് പാർക്കുകളും 5 ഏക്കറിൽ മിനി ലോജിസ്റ്റിക് പാർക്കുകളും സ്ഥാപിക്കാം.
ഈ പാർക്കുകളിൽ ചരക്ക് കൈകാര്യം ചെയ്യൽ, ഇന്റർ മോഡൽ ട്രാൻസ്ഫർ സൗകര്യങ്ങൾ, ഇന്റേണൽ റോഡ് നെറ്റ്വർക്കുകൾ പോലുള്ള അടിസ്ഥാന സൗകര്യ ഘടകങ്ങൾ, ഡോർമിറ്ററികൾ, മെഡിക്കൽ സെന്ററുകൾ തുടങ്ങിയ നോണ്-കോർ ഘടകങ്ങൾ എന്നിവ ഉൾപ്പെടും.
ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഒരു ലോജിസ്റ്റിക്സ് കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റിക്ക് ഈ മേഖലയിലെ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അധികാരമുണ്ടാകും.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ലോജിസ്റ്റിക്സ് സെല്ലും നയം വിഭാവനം ചെയ്യുന്നു.
ഈ സംവിധാനമായിരിക്കും ലോജിസ്റ്റിക്സ് ആക്ഷൻ പ്ലാൻ നടപ്പാക്കുക. ഇതിനു പുറമേ പ്രത്യേകമായി സിറ്റി ലോജിസ്റ്റിക്സ് കോർഡിനേഷൻ കമ്മിറ്റികളും നഗരതലത്തിൽ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി രൂപീകരിക്കും.
ലോജിസ്റ്റിക്സ് പാർക്കുകൾക്കും മിനി ലോജിസ്റ്റിക്സ് പാർക്കുകൾക്കുമായി ഏകജാലക ക്ലിയറൻസ് സംവിധാനം രൂപീകരിക്കാനും പോളിസിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഒരു ലോജിസ്റ്റിക്സ് പാർക്കിന് പരമാവധി ഏഴു കോടി രൂപവരെയും, മിനി ലോജിസ്റ്റിക്സ് പാർക്കിന് മൂന്നു കോടി രൂപവരെയും മൂലധന സബ്സിഡി ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും.
ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാർക്ക് ഒരുക്കുന്നതിനായി ഭൂമി ഏറ്റെടുക്കുമ്പോഴും ലീസിനെടുക്കുമ്പോഴും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകും.
പൊതു സ്വകാര്യ പങ്കാളിത്തത്തിലും, പൂർണമായും സ്വകാര്യമേഖലയിലെ പാർക്കെന്ന നിലയിലും കേരളത്തിൽ ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാർക്കുകൾ ആരംഭിക്കാൻ നയത്തിലൂടെ സാധിക്കുന്നതാണ്.