എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയുടെ ജിഡിപി പ്രവചനത്തിൽ വൻ ഇടിവ്യൂറോപ്യൻ വിപണി തുറന്നു; കടൽവിഭവ കയറ്റുമതിയിൽ ഇന്ത്യക്ക് നേട്ടമെന്ന് പിയൂഷ് ഗോയൽനഷ്‌ടം പ്രതിമാസം 30,000 കോടി: ഇന്ധനവില കൂട്ടേണ്ടിവരുമെന്ന് പെട്രോളിയം മന്ത്രാലയംഉയർന്ന വാർഷിക വരുമാനമുള്ളവരുടെ പാചകവാതക സബ്സിഡി ഉടൻ പിൻവലിച്ചേക്കും

തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്കായി മൊബൈല്‍ ആപ്പ്‌ വരുന്നു

ഒറ്റപ്പാലം: തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ മൊബൈൽ ആപ്പ് വരുന്നു. കെ-സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) എന്നപേരിലാണ് ആപ്പ് ഒരുങ്ങുന്നത്.

ആദ്യം നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും സേവനങ്ങൾ ലഭ്യമാക്കുന്നതരത്തിലാണ് ഇൻഫർമേഷൻ കേരള മിഷൻ ആപ്പ് തയ്യാറാക്കുന്നത്.

നിലവിൽ പത്തിലേറെ ആപ്പുകളാണ് വിവിധ സേവനങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്. ഒരേസേവനത്തിന് ഒന്നിലേറെ ആപ്പുകളും ഇപ്പോൾ നിലവിലുണ്ട്. ഇതെല്ലാം ഒറ്റ ആപ്പിലാക്കുകയാണ് ലക്ഷ്യം.

ട്രേഡ് ലൈസൻസും പൊതുജനങ്ങൾ പരാതികളയക്കുന്ന സംവിധാനവും ഇ-ഓഫീസ് പ്രവർത്തനങ്ങളുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാവുക. പിന്നീട് ഘട്ടംഘട്ടമായി എല്ലാ സേവനങ്ങളും ലഭ്യമാകും.

ഉദ്യോഗസ്ഥനും പൊതുജനങ്ങൾക്കും പ്രത്യേകം ലോഗിൻചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനം ആപ്പിലുണ്ടാകും. അപേക്ഷകളുടെ നിലവിലെ സ്ഥിതിയറിയാനാകുമെന്നതിനാൽ ഓഫീസിൽ കയറിയിറങ്ങേണ്ടി വരില്ലെന്നതും ഗുണമാണ്. സേവനങ്ങളുടെ വിവരങ്ങളെല്ലാം സംഭരിച്ചുവെക്കാനും സംവിധാനമുണ്ട്.

മുഖം തിരിച്ചറിഞ്ഞും ഫോണിലെത്തുന്ന ഒ.ടി.പി. മുഖാന്തരവുമാണ് ആപ്പിലേക്ക് പ്രവേശിക്കുന്നത്. വ്യക്തികളുടെ വിവരങ്ങൾ പുറത്തുപോകാതിരിക്കാനാണിത്. ഒരു വർഷത്തിനകം സേവനങ്ങളെല്ലാം പൂർണമായും ആപ്പ് മുഖാന്തരമാകുമെന്നും അധികൃതർ പറയുന്നു.

ജനുവരിയോടെ കോർപ്പറേഷനുകളിലും നഗരസഭകളിലും നടപ്പാക്കിയശേഷം പഞ്ചായത്തുകളിൽ പരീക്ഷിക്കാനും ലക്ഷ്യമിടുന്നുണ്ട്.

X
Top