ഇന്ത്യയുടെ ജിഡിപി പ്രവചനത്തിൽ വൻ ഇടിവ്യൂറോപ്യൻ വിപണി തുറന്നു; കടൽവിഭവ കയറ്റുമതിയിൽ ഇന്ത്യക്ക് നേട്ടമെന്ന് പിയൂഷ് ഗോയൽനഷ്‌ടം പ്രതിമാസം 30,000 കോടി: ഇന്ധനവില കൂട്ടേണ്ടിവരുമെന്ന് പെട്രോളിയം മന്ത്രാലയംഉയർന്ന വാർഷിക വരുമാനമുള്ളവരുടെ പാചകവാതക സബ്സിഡി ഉടൻ പിൻവലിച്ചേക്കുംഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി എഫ്എംസിജി കമ്പനികള്‍

നഷ്‌ടം പ്രതിമാസം 30,000 കോടി: ഇന്ധനവില കൂട്ടേണ്ടിവരുമെന്ന് പെട്രോളിയം മന്ത്രാലയം

മുംബൈ: ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്കു പ്രതിമാസം 30000 കോടി രൂപയുടെ നഷ്‌ടം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍-ഇസ്രയേല്‍-അമേരിക്ക സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കഴിഞ്ഞു. ഇതാണ് എണ്ണക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. ഈ സാഹചര്യത്തില്‍ വിലവര്‍ധനയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി സുജാത ശര്‍മ പറഞ്ഞു.

ജൂണ്‍ അവസാനത്തോടെ നഷ്ടം 50,000 കോടി കടന്നേക്കുമെന്നാണ് കണക്കുകൂട്ടൽ. പാചകവാതക വിതരണത്തില്‍ മാത്രം ഏകദേശം 20,000 കോടിയുടെ നഷ്‌ടം സംഭവിച്ചേക്കുമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടല്‍.

നിലവില്‍, കമ്പനികള്‍ക്കു പെട്രോള്‍ ലിറ്ററിന് 20 രൂപയും ഡീസല്‍ ലീറ്ററിന് 100 രൂപയോളവും നഷ്‌ടം നേരിടുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോടു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബാരലിന് 70 ഡോളറായിരുന്ന ക്രൂഡ് ഓയിലിന് ഈ മാസം 114 ഡോളറാണു ശരാശരി വില.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പഴയപോലെയായില്ലെങ്കില്‍ എല്‍പിജി വിതരണം പൂര്‍ണതോതിലാകില്ലെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നു. വാണിജ്യ എല്‍പിജി സിലിണ്ടറിനുണ്ടായ വിലവര്‍ധന രാജ്യത്തെ ഹോട്ടല്‍, റസ്റ്ററന്‍റ്, കാറ്ററിംഗ് മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. പല ഹോട്ടലുകളും ഭക്ഷണത്തിന് വില വര്‍ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യയില്‍ റീട്ടെയില്‍ ഇന്ധനവിലയില്‍ വലിയ വ്യതിയാനമുണ്ടായിട്ടില്ല. പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികളാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയാണ് രാജ്യത്തെ പ്രധാന എണ്ണക്കമ്പനികള്‍.

പൊതുമേഖലാ കമ്പനികള്‍ കൂടിയ വിലയ്ക്ക് ക്രൂഡ്ഓയില്‍ വാങ്ങി സംസ്‌കരിച്ച് കുറഞ്ഞ വിലയ്ക്കാണ് ഉപയോക്താക്കള്‍ക്കു വിൽക്കുന്നത്. വിപണിയില്‍ വിലവര്‍ധന ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്.

ഈ സാഹചര്യത്തില്‍ ഈമാസം 15ന് മുമ്പ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഷ്‌ടം നേരിടുന്നുണ്ടെങ്കിലും എണ്ണക്കമ്പനികള്‍ക്കു പ്രത്യേക സാമ്പത്തികസഹായം നല്‍കാന്‍ പദ്ധതിയില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പുകള്‍ അവസാനിച്ച സ്ഥിതിക്ക് ഇന്ധനവില ഉയര്‍ത്താനാണു സാധ്യത.

ഇന്ധനവില വര്‍ധിപ്പിക്കുന്നത് ഗതാഗതച്ചെലവ് കൂട്ടുമെന്നതിനാല്‍ വിപണിയില്‍ വിലക്കയറ്റത്തിന് ഇതു കാരണമായേക്കാം.

X
Top