മുംബൈ: 1000 രൂപയിൽ താഴെ വിലയുള്ള ഫോണുകളുടെ(Budget Phones) വിപണിയിൽ വലിയ മുന്നേറ്റവുമായി റിലയൻസ് ഇൻഡസ്ട്രീസിന്റെ(Reliance Industries) ഭാഗമായ ജിയോ ഭാരത്(Jio Bharat).
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 2024ലെ വാർഷിക റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം സെഗ്മെന്റിൽ 50 ശതമാനം വിപണിവിഹിതമാണ് ജിയോഭാരത് നേടിയിരിക്കുന്നത്.
ഒരു വർഷം മുമ്പ് അവതരിപ്പിച്ച ജിയോഭാരത് ഫോണിലൂടെ ഫീച്ചർ ഫോൺ ഉപഭോക്താക്കളിലേക്ക് കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ എത്തിക്കാൻ കമ്പനിക്ക് സാധിച്ചുവെന്ന് കമ്പനി പറയുന്നു.
രാജ്യത്ത് മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ഡിജിറ്റൽ അസമത്വം കുറയ്ക്കുന്നതിൽ മുഖ്യപങ്കുവഹിക്കാൻ ജിയോഭാരതിനായി.
യുപിഐ, ജിയോസിനിമ, ജിയോ ടിവി തുടങ്ങിയ നിരവധി സേവനങ്ങളിലൂടെ വ്യത്യസ്ത തലങ്ങളിലുള്ള ഡിജിറ്റൽ പദ്ധതികൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ ജിയോഭാരതിനായെന്നും കമ്പനി പറയുന്നു.
സ്മാർട്ഫോണിലുള്ളതിന് സമാനമായ സൗകര്യങ്ങളുള്ള താങ്ങാവുന്ന ഫോൺ ലഭ്യമാക്കുക മാത്രമല്ല, ഉയർന്ന ഗുണനിലവാരത്തിലുള്ള ചെലവ് കുറഞ്ഞ ഡാറ്റ കൂടി ഉപഭോക്താക്കൾക്ക് തങ്ങൾ നൽകിയെന്നും കമ്പനി പറയുന്നു.
അടുത്തിടെ വിവിധ കമ്പനികളുടെ താരിഫുകളിൽ വർധന വന്നെങ്കിലും ജിയോഭാരത് പ്രതിമാസം 123 രൂപയ്ക്ക് മികച്ച ഡിജിറ്റൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്തു. മറ്റ് ടെലികോം സേവനദാതാക്കളുടെ ഏറ്റവും ചെലവ് കുറഞ്ഞ പ്രതിമാസ പ്ലാനുകൾ ആരംഭിക്കുന്നത് 199 രൂപയിലാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
രാജ്യത്ത് നിലനിൽക്കുന്ന ഡിജിറ്റൽ വിഭജനത്തിന്റെ വിടവ് നികത്തുന്നതിനുള്ള മറ്റൊരു വിപ്ലവകരമായ ചുവടുവയ്പ്പാണ് ജിയോഭാരത് ഫോണിന്റെ വരവെന്ന് ഓഹരിഉടമകൾക്കയച്ച കത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറയുന്നു.
ഒരു ഫീച്ചർ ഫോണിന്റെ വിലയിൽ ഒരു സ്മാർട്ട്ഫോൺ, ജിയോഭാരത് ഫോൺ 2ജി-മുക്തഭാരതം യാഥാർത്ഥ്യമാക്കുന്നതിൽ വളരെയധികം മുന്നോട്ട് പോകും. 2016-ൽ ജിയോ ആരംഭിച്ചപ്പോൾ ഇന്റർനെറ്റ് ലഭ്യത ജനാധിപത്യവൽക്കരിക്കാനും സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ഓരോ ഇന്ത്യക്കാരനിലേക്ക് എത്തിക്കാനും സാധിച്ചു.
താങ്ങാനാവുന്ന വിലയിൽ ഉയർന്ന വേഗതയുള്ള ഡാറ്റയും സർവ്വവ്യാപിയായ നെറ്റ്വർക്കും ഉള്ളതുകൊണ്ട് സാങ്കേതിക വിദ്യ എല്ലാവർക്കും ലഭ്യമായി.
ജിയോഫോൺ പോലുള്ള ചെലവ് കുറഞ്ഞ ഉപകരണങ്ങൾ, ചെലവ് കുറഞ്ഞ വയേർഡ് ബ്രോഡ്ബാൻഡിന്റെ (ജിയോ ഫൈബർ) ലഭ്യത എന്നിവ ഡാറ്റാ കണക്റ്റിവിറ്റിയെ യഥാർത്ഥത്തിൽ ജനാധിപത്യവൽക്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.