
കൊച്ചി: ആഗോള സാമ്പത്തിക തളർച്ചയും രാഷ്‌ട്രീയ അനിശ്ചിതത്വങ്ങളും നിർമ്മിത ബുദ്ധിയുടെ(എ.ഐ) അലങ്കോലങ്ങളും മറികടന്ന് ഇന്ത്യൻ ഐ.ടി കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തില്‍ മികച്ച മുന്നേറ്റം തുടരുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായതിനാല്‍ ഇന്ത്യൻ ഐ.ടി മേഖല രാജ്യാന്തര വിപണിയില്‍ മത്സരക്ഷമത ഉയർത്തിയതാണ് നേട്ടമായത്. നടപ്പു സാമ്പത്തിക വർഷത്തിലെ നാലാം ത്രൈമാസമായ ജനുവരി മുതല്‍ മാർച്ച് വരെയുള്ള കാലയളവില്‍ പ്രമുഖ ഐ.ടി കമ്പനികളായ ടി.സി.എസ്, വിപ്രോ എന്നിവ ഇക്കാലയളവില്‍ മികച്ച നേട്ടമാണ് വില്‍പ്പനയിലും ലാഭത്തിലും കൈവരിച്ചത്.
എ.ഐയുടെ വളർച്ച സംബന്ധിച്ച ആശങ്കകളില്‍ വലിയ കഴമ്പില്ലെന്ന വിലയിരുത്തലാണ് കമ്പനികളുടെ പ്രവർത്തന ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ അറ്റാദായം കഴിഞ്ഞ ത്രൈമാസത്തില്‍ 12 ശതമാനം ഉയർന്ന് 13,718 കോടി രൂപയായി. കമ്പനിയുടെ വരുമാനം 10 ശതമാനം വർദ്ധനയോടെ 70,698 കോടി രൂപയിലെത്തി.
യു.എസ്, യൂറോപ്യൻ കമ്പനികള്‍ ഇപ്പോഴും വലിയ തോതില്‍ ഇന്ത്യൻ സ്ഥാപനങ്ങളുടെ സേവനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.
രാജ്യത്തെ മൂന്നാമത്തെ വലിയ ഐ.ടി കമ്പനിയായ വിപ്രോയുടെ അറ്റാദായം അവലോകന കാലയളവില്‍ 12 ശതമാനം ഉയർന്ന് 3,502 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം 0.6 ശതമാനം വർദ്ധിച്ച് 24,600 കോടി രൂപയായി.
ഓഹരി വിലയില്‍ കുതിപ്പ്
എ.ഐ ആശങ്കയില്‍ കനത്ത തിരിച്ചടി നേരിട്ട ഐ.ടി ഓഹരികള്‍ പശ്ചിമേഷ്യയിലെ പ്രതിസന്ധിക്കിടെയിലും മികച്ച നേട്ടമുണ്ടാക്കി. ഏപ്രിലില്‍ ഐ.ടി കമ്പനികളുടെ ഓഹരി വിലയില്‍ 16 മുതല്‍ 30 ശതമാനം വരെ വർദ്ധനയാണുണ്ടായത്.
ഒറക്കിള്‍, എംഫസിസ്. എല്‍.ടിഐ മൈൻഡ് ട്രീ, ടി.സി.എസ്. വിപ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയെല്ലാം നടപ്പുമാസം നേട്ടമുണ്ടാക്കി.






