
സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടിയായി ലാപ്ടോപ്പ് വിപണിയില്‍ വന്‍ വിലക്കയറ്റം വരുന്നു. പ്രമുഖ ടെക് കമ്പനിയായ അസൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2026-ന്റെ പകുതിയോടെ ലാപ്ടോപ്പുകളുടെ വിലയില്‍ 45 ശതമാനം വരെ വര്‍ദ്ധനവുണ്ടാകാം.
നിലവില്‍ പടിപടിയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വില, വരും മാസങ്ങളില്‍ വിപണിയെ ഒരു വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് സാധ്യത. പുതിയ അധ്യയന വര്‍ഷത്തിലേക്കും മറ്റും ലാപ്ടോപ്പ് വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത വലിയ ആശങ്കയാണ് നല്‍കുന്നത്.
ലാപ്ടോപ്പ് നിര്‍മ്മാതാക്കളല്ല, മറിച്ച് അതിനുള്ളിലെ പ്രധാന ഭാഗങ്ങളുടെ വിലക്കയറ്റമാണ് ഈ പ്രതിസന്ധിക്ക് പിന്നില്‍. ലാപ്ടോപ്പിന്റെ വേഗത നിര്‍ണ്ണയിക്കുന്ന റാം, എസ്എസ്ഡി എന്നിവയുടെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലുണ്ടായ വന്‍ കുതിച്ചുചാട്ടം കാരണം, ചിപ്പ് നിര്‍മ്മാതാക്കള്‍ ലാപ്ടോപ്പ് ഭാഗങ്ങള്‍ക്ക് പകരം ഡാറ്റാ സെന്ററുകള്‍ക്കായുള്ള സെര്‍വര്‍ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതോടെ വിപണിയില്‍ ചിപ്പുകള്‍ക്ക് ക്ഷാമം നേരിടുകയും വില സിപിയുവിനേക്കാള്‍ ഉയരുകയും ചെയ്തു.
അസൂസ് ഇതിനകം തന്നെ 10% വില വര്‍ദ്ധനവ് നടപ്പിലാക്കി കഴിഞ്ഞു. വരും മാസങ്ങളില്‍ 30% വരെ അധിക വര്‍ദ്ധനവ് കൂടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അസൂസിന് പിന്നാലെ എച്ച്പി, ഏസര്‍, എംഎസ്‌ഐ തുടങ്ങിയ കമ്പനികളും വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുക ഉയര്‍ന്ന മെമ്മറിയും ഗ്രാഫിക്‌സ് കാര്‍ഡും ആവശ്യമുള്ള ഗെയിമിംഗ് ലാപ്ടോപ്പുകളെയും പ്രീമിയം മോഡലുകളെയുമായിരിക്കും.
വിലയില്‍ വന്‍ വര്‍ദ്ധനവ് വരുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമായി നോ-കോസ്റ്റ് ഇഎംഐ സൗകര്യങ്ങള്‍ കമ്പനികള്‍ കൂടുതല്‍ നല്‍കിയേക്കാം. എന്നാല്‍ വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ ഒരേ തുകയ്ക്ക് കുറഞ്ഞ റാമും സ്റ്റോറേജുമുള്ള ലാപ്ടോപ്പുകള്‍ വിപണിയിലിറക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകും.
2027-ന് മുമ്പ് വിപണി ശാന്തമാകാന്‍ സാധ്യതയില്ലാത്തതിനാല്‍, ഈ വര്‍ഷം ലാപ്ടോപ്പ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഒട്ടും വൈകാതെ തന്നെ പര്‍ച്ചേസ് നടത്തുന്നതാകാം ലാഭം.






