മുംബൈ: ഇന്റര്‍ആര്‍ച്ച് ബില്‍ഡിംഗ് പ്രൊഡക്‌ട്‌സിന്റെ ഓഹരികള്‍ ഇന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തു. 44.3 ശതമാനം പ്രീമിയത്തോടെയാണ് ഈ ഓഹരി എന്‍എസ്‌ഇയില്‍ ഇന്ന് വ്യാപാരം തുടങ്ങിയത്.
900 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഇന്റര്‍ആര്‍ച്ച് ബില്‍ഡിംഗ് പ്രൊഡക്‌ട്‌സ് 1299 രൂപയിലാണ് എന്‍എസ്‌ഇയില്‍ വ്യാപാരം തുടങ്ങിയത്. അതിനു ശേഷം ഓഹരി വില 1314.80 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് 1203.65 രൂപയിലേക്ക് ഇടിഞ്ഞു.
ഗ്രേ മാര്‍ക്കറ്റില്‍ 36 ശതമാനം പ്രീമിയമാണ് ഈ ഓഹരിക്ക് ലഭിച്ചിരുന്നത്. ഇതിനേക്കാള്‍ മികച്ച നേട്ടം ലിസ്റ്റിംഗില്‍ നല്‍കുകയും ചെയ്‌തു. ഇന്റര്‍ആര്‍ച്ച് ബില്‍ഡിംഗ് പ്രൊഡക്‌ട്‌സിന്റെ ഐപിഒയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. 93.5 മടങ്ങാണ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
600 കോടി രൂപയാണ് ഐപിഒ വഴി സമാഹരിച്ചത്. 200 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 400 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ.
ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ് ഓഹരികള്‍ വിറ്റത്. പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 58.53 കോടി രൂപ പുതിയ പദ്ധതി നടപ്പിലാക്കുന്നതിനും 19.25 കോടി രൂപ വിവിധ ഉല്‍പ്പാദന സൗകര്യങ്ങള്‍ക്കും 11.39 കോടി രൂപയും ഐടി ആസ്‌തികള്‍ക്കുള്ള നിക്ഷേപത്തിനും 55 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86.26 കോടി രൂപ ലാഭമാണ് കമ്പനി കൈവരിച്ചത്. 81.46 കോടി രൂപയായിരുന്നു മുന്‍വര്‍ഷത്തെ ലാഭം.