കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും ആഗോള മാന്ദ്യത്തിന്റെ സാധ്യതകളും ഇന്ത്യൻ കയറ്റുമതി മേഖലക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. റ
ഷ്യയുടെ ഉക്രെയിൻ അധിനിവേശത്തിനു ശേഷം പുതിയ വിപണികൾ കണ്ടെത്തി മികച്ച മുന്നേറ്റം നേടിയ കയറ്റുമതി സ്ഥാപനങ്ങൾക്ക് ഇപ്പോഴത്തെ സാഹചര്യം കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്.
ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തികളായ അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം തീവ്രമായതോടെ സെപ്തംബറിൽ ഇന്ത്യയുടെ കയറ്റുമതിയിൽ കനത്ത ഇടിവുണ്ടായിരുന്നു.
ഇതോടൊപ്പം ഇറക്കുമതിയും കാര്യമായി കുറഞ്ഞതിനാൽ രാജ്യത്തെ വ്യാപാര കമ്മി നിയന്ത്രണ വിധേയമായി തുടരുന്നതാണ് കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ആശ്വാസം പകരുന്നത്.
ആഭ്യന്തര ഉപഭോഗത്തിലുണ്ടായ മികച്ച വളർച്ച മൂലം കയറ്റുമതി മേഖലയിലെ ഇടിവ് രാജ്യത്തെ കോർപ്പറേറ്റ് മേഖലയുടെ പ്രവർത്തനക്ഷമതയെ പ്രതികൂലമായി ബാധിച്ചില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
വിപണിയിലെ പണലഭ്യത ഉയർന്നു നിൽക്കുന്നതിനാൽ ആഭ്യന്തര വിപണി കഴിഞ്ഞ ആറു മാസമായി മികച്ച വളർച്ചയാണ് നേരിടുന്നത്. ഇലക്ട്രോണിക്‌സ്, ഹെവി എൻജിനീയറിംഗ്, കൺസ്യൂമർ പ്രോഡക്ട്‌സ് ഉത്പാദനം എന്നിവ മുതൽ ഹരിത ഇന്ധന, വാഹന മേഖലകളിൽ വരെ ഇന്ത്യൻ കമ്പനികൾ മത്സരക്ഷമത ആർജിച്ച് അതിവേഗം വിപണി വികസിപ്പിക്കുകയാണ്. ഇതിനാൽ ഇറക്കുമതി ആശ്രയത്വം സ്ഥിരതയോടെ താഴുകയാണെന്ന് വ്യവസായ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയുടെ മർച്ചന്റയിസ്ഡ് ഉത്പന്നങ്ങളുടെ കയറ്റുമതി ജൂൺ മാസത്തിൽ 2.6 ശതമാനം ഇടിഞ്ഞ് 3447 കോടി ഡോളറിലെത്തി.
പെട്രോളിയം ഉത്പന്നങ്ങൾ, സ്വർണ, രത്നാഭരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ മാത്രമാണ് നേരിയ ഉണർവുണ്ടായത്. കയറ്റുമതി മേഖലയിൽ തളർച്ചയുണ്ടെങ്കിലും ഇന്ത്യയുടെ വ്യാപാര കമ്മി സെപ്തംബറിൽ 1937 കോടി ഡോളറായി താഴ്ന്നിരുന്നു.
സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും മാന്ദ്യ ഭീഷണിയും കണക്കിലെടുത്ത് വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകൾ ചെലവ് ചുരുക്കൽ മോഡിലേക്ക് മാറുന്നതിനാൽ ഇന്ത്യയിലെ ഐ. ടി കമ്പനികൾക്ക് ഉൾപ്പെടെ പുതിയ കയറ്റുമതി കരാറുകൾ ലഭിക്കുന്നില്ലെന്ന് വ്യവസായികൾ പറയുന്നു.