
തിരുവനന്തപുരം: പിന്നിട്ട സാമ്പത്തികവർഷം സംസ്ഥാന സർക്കാരിന്റെ വരുമാനം വർധിച്ചു. എന്നാൽ മുൻവർഷത്തെക്കാൾ ചെലവ് കുറഞ്ഞു.
നികുതി വരുമാനത്തിൽ 10,000 കോടിയുടെ വർധനയുണ്ടാപ്പോൾ ചെലവിൽ കുറഞ്ഞത് ഏകദേശം 20,000 കോടിയാണെന്നാണ് ധനവകുപ്പിന്റെ പ്രാഥമിക കണക്കുകൾ കാണിക്കുന്നത്. എ.ജി.യുടെ പരിേശാധനയിലേ അന്തിമചിത്രം തെളിയൂ.
കേന്ദ്രത്തിൽ നിന്ന് കിട്ടിക്കൊണ്ടിരുന്നതിൽ ജി.എസ്.ടി. നഷ്ടപരിഹാരം നിലച്ചതുൾപ്പെടെ 24,000 കോടിയോളം രൂപ കുറവുവന്ന സാഹചര്യത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ മുൻകൂട്ടി കണ്ടിരുന്നത്.
പദ്ധതിച്ചെലവിൽ തദ്ദേശസ്ഥാപനങ്ങളിൽ 101 ശതമാനവും സംസ്ഥാന പദ്ധതിയിൽ 81.5 ശതമാനവും ട്രഷറിയിൽനിന്ന് വിതരണം ചെയ്യാൻ കഴിഞ്ഞുവെന്നാണ് ധനവകുപ്പിന്റെ താത്കാലിക കണക്ക്. എന്നാൽ വകുപ്പുകൾ ഇത്രയും ചെലവിട്ടിട്ടില്ല.
സംസ്ഥാന പദ്ധതിച്ചെലവ് (ട്രഷറിയിൽനിന്ന് വിതരണം ചെയ്തത്) മുൻവർഷത്തെക്കാൾ കുറവാണ്. മുൻവർഷം 90 ശതമാനമായിരുന്നു ചെലവ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്രയും ചെലവാക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സർക്കാർ.
ജി.എസ്.ടി. ഉൾപ്പെടെയുള്ള തനതുനികുതി വരുമാനം 63,180 കോടിയായി വർധിച്ചു. മുൻവർഷത്തെക്കാൾ ഏകദേശം 5000 കോടി കൂടുതലാണിത്. ലോട്ടറിയിൽനിന്നുള്ള വരുമാനം ഉൾപ്പെടുന്ന നികുതിയേതര വരുമാനവും 5000 കോടി വർധിച്ച് 15,020 കോടി രൂപയായി. രണ്ടിനങ്ങളിലുമായി ഏകദേശം പതിനായിരം കോടിയാണ് കൂടിയത്.
എന്നാൽ ശമ്പളം, പെൻഷൻ ചെലവുകളിൽ മുൻവർഷത്തെക്കാൾ കുറവുണ്ടായി. ശമ്പളച്ചെലവ് 44,490 കോടിയിൽനിന്ന് 38,550 കോടിയായി. 5940 കോടിയുടെ കുറവ്.
പെൻഷൻ ചെലവ് 26,890 കോടിയിൽനിന്ന് 26,505 കോടിയായും കുറഞ്ഞു. ശമ്പളപരിഷ്കരണം കാരണം വർധിച്ച ഒറ്റത്തവണ ആനുകൂല്യങ്ങൾ നൽകേണ്ടിവന്നതും കാരണമാണ് 2021-22 ൽ ശമ്പളം, പെൻഷൻ ചെലവുകൾ കാര്യമായി വർധിച്ചിരുന്നത്.
ഭരണച്ചെലവിൽ വാഹനങ്ങൾ വാങ്ങുന്നതും ഓഫീസുകൾ നവീകരിക്കുന്നതുംപോലുള്ള അടിയന്തരമല്ലാത്ത കാര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ 6000 കോടി രൂപയുടെയെങ്കിലും ചെലവ് കുറഞ്ഞിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംസ്ഥാനപദ്ധതി വിനിയോഗം മുൻവർഷത്തെക്കാൾ കുറഞ്ഞതും റവന്യൂച്ചെലവ് കുറയാൻ ഇടയാക്കി. 2021-22-ൽ റവന്യൂച്ചെലവ് 1.46 ലക്ഷം കോടിയായിരുന്നത് 22-23-ൽ 1.26 ലക്ഷം കോടിയായാണ് കുറഞ്ഞത്.
സാമ്പത്തിക പ്രതിസന്ധി കാരണം പല ദിവസങ്ങളിലും ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആയിരുന്നു. അതേസമയം ജീവനക്കാരുടെ ശമ്പളം, പെൻഷൻ പരിഷ്കരണത്തിന്റെ കുടിശ്ശിക, ഡി.എ., അവധി ആനുകൂല്യം എന്നിങ്ങനെയുള്ള ഇനങ്ങളിലായി ഏകദേശം 20,000 കോടിയുടെ ആനുകൂല്യങ്ങൾ സർക്കാർ നൽകാൻ ബാക്കിയുണ്ട്.
സാമ്പത്തികപ്രതിസന്ധികാരണം അത് നൽകുന്നത് നീട്ടിക്കൊണ്ടുപോകുകയാണ്.
വരവും ചെലവും ഒറ്റനോട്ടത്തിൽ
- നികുതി വരുമാനം – 63,180 കോടി -വർധന 5000 കോടി
- നികുതിയേതര വരുമാനം -15,020 കോടി രൂപ -വർധന 5000 കോടി
- റവന്യൂച്ചെലവ് – 1.26 ലക്ഷം കോടി – കുറവ് 20,000 കോടി
- ശമ്പളം പെൻഷൻ ചെലവ് – 65,050 കോടി -കുറവ് 6325 കോടി
- തദ്ദേശ പദ്ധതിച്ചെലവ് -101 ശതമാനം
- സംസ്ഥാന പദ്ധതി- 81.5 ശതമാനം






