
ന്യൂഡല്‍ഹി: കുറഞ്ഞ പണപ്പെരുപ്പത്തിന്റെ സുഖശീതളിമയിലായിരുന്നു ഒരു ദശാബ്ദക്കാലമായി ഏഷ്യയിലെ വികസ്വര രാഷ്ട്രങ്ങള്‍. സ്വപ്‌നസമാനമായ ആ അവസ്ഥ അവസാനിക്കാന്‍ പോവുകയാണെന്നും അനന്തര ഫലങ്ങള്‍ കടുത്തതായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുകയാണ് മൂഡീസ് റേറ്റിംഗ് ഏജന്‍സി. ചൈന ഒഴികെയുള്ള, ഏഷ്യന്‍ രാജ്യങ്ങള്‍ 2022ലെ ആദ്യ ആറ് മാസങ്ങളില്‍ മികച്ച സാമ്പത്തിക വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു.
ഇതിനര്‍ത്ഥം ഡിമാന്‍ഡ് തിരിച്ചുവന്നുവെന്നാണ്. എന്നാല്‍ അതിനനുസരിച്ച് വിതരണം ശക്തിപ്പെട്ടില്ല. കടുത്തവിലകയറ്റമാണ് പരിണതഫലം. ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും കോവിഡാനന്തരം ഡിമാന്റ് ഉയര്‍ന്നെങ്കിലും വിതരണം വര്‍ധിച്ചിട്ടില്ല.
ഇതോടെ ഭക്ഷണം, എണ്ണ, ലോഹങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലകയറ്റം സമ്പദ്‌വ്യവസ്ഥയിലുടനീളം പ്രകടമായി. വര്‍ദ്ധിച്ചുവരുന്ന ഈ പണപ്പെരുപ്പ സമ്മര്‍ദ്ദം കടുത്ത നടപടികളിലേക്ക് കടക്കാന്‍ കേന്ദ്രബാങ്കുകളെ നിര്‍ബന്ധിതരാക്കുന്നു.
മിക്ക ഏഷ്യന്‍ രാഷ്ട്രങ്ങളും ഇതിനോടകം ഒന്നോ രണ്ടോ തവണ നിരക്കുവര്‍ധനവ് വരുത്തി. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ എന്നിവയാകട്ടെ നിരക്ക് വര്‍ധിപ്പിക്കാനിരിക്കയുമാണ്. ഈ സാഹചര്യത്തില്‍ സാമ്പത്തിക തളര്‍ച്ച ആസന്നമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഈ വര്‍ഷം ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥകള്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തും. തൊഴില്‍, വരുമാനം എന്നിവ ചുരുങ്ങും, റിപ്പോര്‍ട്ട് പറഞ്ഞു. ആഗോള വിപണിയില്‍ ചരക്ക് വിലകള്‍ കുതിച്ചുകയറുമ്പോഴും തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, ഫിലിപ്പീന്‍സ്, ചൈന എന്നിവിടങ്ങളില്‍ ഉപഭോക്തൃ വിലപ്പെരുപ്പം, ഒരു ദശാബ്ദത്തിലേറെയായി താഴ്ന്ന നിലയിലായിരുന്നു. ശക്തമായ വിതരണവും സര്‍ക്കാര്‍ സബ്‌സിഡികളുമാണ് കാരണം.
ഈ സമ്പദ്‌വ്യവസ്ഥകള്‍ ഭൂരിഭാഗവും കറന്റ് അക്കൗണ്ട് മിച്ചമുള്ളവരുമാണ്. എന്നാലിപ്പോള്‍ ഈ ട്രെന്‍ഡിന് മാറ്റം വരികയാണ്, മൂഡീസ് നിരീക്ഷിച്ചു.