മുംബൈ: രണ്ടുമാസം തുടർച്ചയായി ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച വിദേശ നിക്ഷേപകർ മൂന്ന് ദിവസത്തിനിടെ 11113 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ തിരിച്ചു നിക്ഷേപിച്ചു.
ഒക്ടോബർ മാസത്തിൽ മാത്രം ഇന്ത്യയിലെ 113858 കോടി രൂപയുടെ ഓഹരികളാണ് വിദേശനിക്ഷേപകർ വിറ്റഴിച്ചത്. നവംബർ 22 വരെ ഇതേ ട്രെൻഡ് തുടർന്നു. ഒക്ടോബറിന് ശേഷമുള്ള മൂന്നാഴ്ചകളിൽ 41872 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ഒക്ടോബർ ഒന്നു മുതൽ നവംബർ 22 വരെ ആകെ ഒന്നരലക്ഷം കൂടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ഇതിനുശേഷം നവംബർ 25ന് 9947 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലേക്ക് തിരിച്ചെത്തി.
തൊട്ടടുത്ത ദിവസം 1157 കോടി രൂപയുടെ നിക്ഷേപം കൂടിയെത്തി. അതേസമയം ആഭ്യന്തര ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 7516 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതേ വിഭാഗം ഒക്ടോബറിൽ 1.07 ലക്ഷം കോടി രൂപയും നവംബറിൽ മുപ്പതിനായിരം കോടി രൂപയും ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചിരുന്നു.
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന്റെ തിളക്കമാർന്ന വിജയമാണ് ഓഹരി വിപണിയെ തകർച്ചയുടെ പാതയിൽ നിന്ന് തിരിച്ചുപിടിച്ചു കയറ്റിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വലിയ ഇളവുകൾ വ്യവസായ മേഖലയ്ക്ക് പ്രഖ്യാപിച്ച ചൈനയിൽ നിക്ഷേപിക്കാനുള്ള തിടുക്കത്തിൽ ആയിരുന്നു വിദേശ നിക്ഷേപകർ.
ഇതിനായാണ് ഇന്ത്യൻ ഓഹരികൾ ഭൂരിഭാഗം പേരും വിറ്റഴിച്ചത്. ഇന്ത്യൻ കമ്പനികളുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ വരുമാനം ലാഭം എന്നിവയുടെ ഇടിവും അമേരിക്കയിൽ ട്രംപിന്റെ വിജയത്തെ തുടർന്നുള്ള ട്രെൻഡും ഓഹരി വിപണിയിൽ ചലനങ്ങൾ ഉണ്ടാക്കി.
ഇത് മൂന്നും ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. അതേസമയം ഇതിനകത്ത് വിദേശ നിക്ഷേപകരുടെ ചൈനീസ് പ്രേമം അവസാനിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ഓഹരി വിപണി വീണ്ടും തിരിച്ചു കയറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.