എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆ ജിഎസ്ടി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ◆ ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆

മെയ്‌ മാസത്തില്‍ ഇതുവരെ വിദേശ നിക്ഷേപകരുടെ വില്‍പ്പന 14,231 കോടി

മുംബൈ: 2026ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയ മൊത്തം വില്‍പ്പന 2.06 ലക്ഷം കോടി രൂപയായി. 14,231 കോടി രൂപയാണ്‌ മെയ്‌ മാസത്തില്‍ മാത്രം ഇതുവരെ നടത്തിയ അറ്റവില്‍പ്പന. വെള്ളിയാഴ്‌ച മാത്രം 4110.60 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌.

അതേ സമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്‌ച 6748.31 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി.

2025ല്‍ 2.4 ലക്ഷം കോടി രൂപയുടെയും 2024ല്‍ 1.29 ലക്ഷം കോടി രൂപയുടെയും വില്‍പ്പനയാണ്‌ വിദേശ നിക്ഷേപകര്‍ ദ്വിതീയ വിപണിയില്‍ നടത്തിയിരുന്നത്‌. കഴിഞ്ഞ ഫെബ്രുവരിയില്‍ 22,615 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ്‌ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞത്‌. മാര്‍ച്ചില്‍ 1,17,775 കോടി രൂപയുടെയും ഏപ്രിലില്‍ 60,847 കോടി രൂപയുടെയും വില്‍പ്പനയാണ്‌ അവ നടത്തിയത്‌.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന്‌ ക്രൂഡ്‌ ഓയില്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യത്തിലുണ്ടായ തുടര്‍ച്ചയായ ഇടിവും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വില്‍പ്പനയ്‌ക്ക്‌ പ്രേരിപ്പിച്ച ഘടകങ്ങളാണ്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒരു മാസം നടത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണ്‌ മാര്‍ച്ചില്‍ കണ്ടത്‌.

ഇറാനുമായി യുഎസ്സും ഇസ്രയേലും യുദ്ധത്തില്‍ ഏര്‍പ്പെട്ടതോടെ ആഗോള തലത്തില്‍ ഓഹരി വിപണികളിലുണ്ടായ ഇടിവാണ്‌ ഇന്ത്യയിലും പ്രതിഫലിച്ചത്‌.

ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 100 യുഎസ്‌ ഡോളറിന്‌ മുകളിലേക്ക്‌ ഉയര്‍ന്നത്‌ ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക്‌ നയിക്കുമെന്ന ആശങ്ക വിദേശ നിക്ഷേപകരെ ഓഹരി വിപണിയിലെ വില്‍പ്പനയ്‌ക്ക്‌ പ്രേരിപ്പിച്ച ഘടകമാണ്‌.

X
Top