
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ. അമേരിക്കയുടെ വിഖ്യാതമായ ടോമാഹോക്ക് മിസൈലിന് തുല്യമായ, തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂയിസ് മിസൈലിന്റെ (ലോങ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ-LRLACM) ആദ്യ പരീക്ഷണം ഡിആർഡിഒ (DRDO) വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്ത് നടന്ന പരീക്ഷണത്തിൽ മിസൈൽ അതിന്റെ എല്ലാ സാങ്കേതിക ലക്ഷ്യങ്ങളും കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
1,000 മുതൽ 1,500 കിലോമീറ്റർവരെ പ്രഹരപരിധിയുള്ള ഈ മിസൈലിന് ഇന്ത്യയുടെ അതിർത്തികളിൽനിന്ന് ശത്രുരാജ്യങ്ങളുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ തകർക്കാൻ ശേഷിയുണ്ട്. പാകിസ്താനിലെ ഇസ്ലാമാബാദ്, റാവൽപിണ്ടി, ലാഹോർ, കറാച്ചി തുടങ്ങിയ പ്രധാന നഗരങ്ങളും ചൈനയിലെ ലാസ, ചെങ്ഡു തുടങ്ങിയ സൈനിക കേന്ദ്രങ്ങളും ഈ മിസൈലിന്റെ പരിധിയിൽ വരും.
ശത്രുക്കളുടെ റഡാറുകൾക്കും വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താൻ കഴിയാത്ത വിധം വളരെ താഴ്ന്നുപറക്കാൻ ഈ മിസൈലിന് സാധിക്കും. കരയിൽനിന്നുള്ള മെബൈൽ ലോഞ്ചറുകൾ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയിൽനിന്ന് ഈ മിസൈൽ വിക്ഷേപിക്കാൻ സാധിക്കും. കൂടാതെ, സാധാരണ പോർമുനകളും ആണവ പോർമുനകളും വഹിക്കാൻ ഇതിന് ശേഷിയുണ്ട്.
ബെംഗളൂരു ആസ്ഥാനമായുള്ള എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (ADE) ആണ് ഈ മിസൈൽ വികസിപ്പിച്ചെടുത്തത്. തിരിച്ചടികൾ നേരിട്ട ‘നിർഭയ്’ മിസൈൽ പദ്ധതിയുടെ പരിഷ്‌കരിച്ച രൂപമായാണ് ഇതിനെ കണക്കാക്കുന്നത്. വരുംവർഷങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി രണ്ട് വർഷത്തിനുള്ളിൽ മിസൈൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
അമേരിക്കയുടെ ടോമാഹോക്ക് മിസൈലുകൾ 1991-ലെ ഗൾഫ് യുദ്ധംമുതൽ അടുത്തിടെ നടന്ന ഇറാൻ യുദ്ധത്തിൽവരെ നിർണായക പങ്കുവഹിച്ചിട്ടുള്ളവയാണ്. സമാനമായ കരുത്താണ് പുതിയ മിസൈലിലൂടെ ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നത്. എങ്കിലും ടോമാഹോക്ക് മിസൈലുകൾക്ക് ഇന്ത്യയുടെ ദീർഘദൂര ക്രൂയിസ് മിസൈലിനേക്കാൾ കൂടുതൽ ദൂരത്തിൽ ആക്രമണം നടത്താൻ സാധിക്കും.
ടോമാഹോക്ക് മിസൈലുകൾക്ക് 1,250 മുതൽ 2,500 കിലോമീറ്റർവരെ ദൂരപരിധിയുണ്ട്.
മാത്രമല്ല ടോമാഹോക്കിന്റെ ഏറ്റവുംപുതിയ പതിപ്പായ ബ്ലോക്ക് -4 ടാക്റ്റിക്കൽ ടോമാഹോക്കിന് പറക്കുന്നതിനിടയിൽ ലക്ഷ്യസ്ഥാനം മാറ്റാനും മണിക്കൂറുകളോളം ആകാശത്ത് ചുറ്റിക്കറങ്ങാനും സാധിക്കും. ഇന്ത്യയുടെ മിസൈൽ ഇത്തരത്തിലുള്ള ഘട്ടങ്ങളിലേക്ക് ഇനിയും വികസിപ്പിക്കേണ്ടതുണ്ട്.
പരീക്ഷണങ്ങൾക്ക് ശേഷം സൈന്യത്തിന് ഭാഗമാക്കുന്നതിനോടൊപ്പം പുതിയ മിസൈലിന്റെ പരിഷകരിച്ച പതിപ്പിനായുള്ള ഗവേഷണങ്ങളും നടക്കുമെന്നാണ് കരുതുന്നത്.






