സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

2030ല്‍ കേരളത്തില്‍ ഇ വാഹനങ്ങളുടെ എണ്ണം ഒന്നരക്കോടിയാകാമെന്ന് പഠനം

തിരുവനന്തപുരം: ഇ-വാഹനങ്ങളോടുള്ള കേരളത്തിന്റെ പ്രിയം കെ.എസ്.ഇ.ബി.ക്ക് പ്രഹരമായേക്കും. ഇ-വാഹനപ്പെരുപ്പം ഇങ്ങനെ തുടർന്നാൽ 2030-ൽ കേരളത്തിൽ ഇപ്പോൾ ഉപയോഗിക്കുന്നതിന്റെ ഇരട്ടിവൈദ്യുതി വേണ്ടിവരും. ഇ-മൊബിലിറ്റി പദ്ധതിയെപ്പറ്റിയുള്ള കെ.എസ്.ഇ.ബി.യുടെതന്നെ പഠനം വ്യക്തമാക്കുന്നതാണ് ഇക്കാര്യം.

2019-ൽ വെറും 481 ഇ-വാഹനങ്ങളാണ് ഉണ്ടായിരുന്നത്. നാലുവർഷംകൊണ്ട് ഇത് ഒരുലക്ഷം കവിഞ്ഞു. ഈ തോതിൽ വളർന്നാൽ 2030-ൽ അവയുടെ എണ്ണം ഒന്നരക്കോടിയാകുമെന്നാണ് നിഗമനം.

ഇപ്പോൾ സംസ്ഥാനത്ത് എല്ലാ ആവശ്യങ്ങൾക്കുമായി വേണ്ടിവരുന്നത് 2538.4 കോടി യൂണിറ്റ് വൈദ്യുതിയാണ്. എന്നാൽ, 2030-ൽ ഇ-വാഹനങ്ങൾക്കുമാത്രം 2700 കോടി യൂണിറ്റ് അധികം വേണ്ടിവരും. അതായത് ഇപ്പോൾ കേരളത്തിൽ ഉപയോഗിക്കുന്നതിന്റെ ഇരട്ടി വൈദ്യുതി.

മോട്ടോർ വാഹനവകുപ്പിന്റെ ബുധനാഴ്ചവരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ ഇ-വാഹനങ്ങളും ചേർത്ത് ഇപ്പോൾ ആകെയുള്ളത് 1.71 കോടി വാഹനങ്ങളാണ്. ഇതിൽ ഇ-വാഹനങ്ങൾ 1.10 ലക്ഷം. അപ്പോൾ, 2030-ൽ ഇ-വാഹനങ്ങൾമാത്രം ഒന്നരക്കോടി വരുമെന്ന നിഗമനം അതിശയോക്തിയാണെന്ന് തോന്നാം.

എന്നാൽ, കേരളത്തിൽ ഇ-വാഹനങ്ങളുടെ എണ്ണം പെരുകുന്നതിന്റെ വേഗം കണക്കിലെടുത്താണ് ഈ നിഗമനത്തെ കെ.എസ്.ഇ.ബി. ന്യായീകരിക്കുന്നത്. ഇരുചക്രവാഹനങ്ങളിലാണ് ഈ മാറ്റം വേഗത്തിൽ ഉണ്ടാവുക.

2026-ൽ ഇരുചക്ര ഇ-വാഹനങ്ങൾമാത്രം 40 ലക്ഷം കടക്കും. 2030 ആകുമ്പോൾ അവയുടെ എണ്ണം 1.20 കോടിയാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ പകൽ ഇ-വാഹനങ്ങൾ ചാർജ്ചെയ്യുന്ന പ്രവണതയില്ല. പകൽ നിരത്തിലോടുന്ന വാഹനങ്ങൾ രാത്രിയിലാണ് ചാർജ് ചെയ്യുന്നത്. വാഹനചാർജിങ് കൂടുന്നതോടെ രാത്രിയിലെ മൊത്തം വൈദ്യുതി ആവശ്യകത കുതിച്ചുകയറും.

ബാറ്ററിയുടെ കാര്യക്ഷമതയിലും സാങ്കേതികവിദ്യയിലും ഉണ്ടാകാവുന്ന വളർച്ച വൈദ്യുതി ഉപഭോഗത്തെ സ്വാധീനിക്കാം. അതുകൂടി കണക്കിലെടുത്താണ് ഭാവിയിലെ വൈദ്യുതി ഉപഭോഗം കണക്കാക്കിയത്.

X
Top