
ഹൈദരാബാദ്: ഇന്ത്യന്‍ വാഹന വിപണിയില്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പന പൊടിപൊടിക്കുകയാണ്. മലിനീകരണം കുറവാണെന്നുകണ്ട് സര്‍ക്കാരുകള്‍ പോലും ഇവികളെ പിന്തുണക്കുന്ന നയവുമായെത്തിയതും വൈദ്യുത വാഹന വിപണിക്ക് ഊര്‍ജ്ജമായി. വില്‍പനയും വിപണിയും വളരുമ്പോഴും ഇന്ത്യയിലെ വൈദ്യുത വാഹന വിപണി നേരിടുന്ന പ്രധാന പ്രതിസന്ധിയായി വരുന്നത് ചാര്‍ജിങ് സൗകര്യങ്ങളുടെ കുറവാണ്.
2025ല്‍ മാത്രം ഇരുചക്രവാഹനങ്ങളും കാറുകളും വാണിജ്യ വാഹനങ്ങളും അടക്കം 23 ലക്ഷം വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റത്. ഇതോടെ ഇന്ത്യന്‍ നിരത്തുകളിലെ ആകെ വൈദ്യുത വാഹനങ്ങളുടെ എണ്ണം 59 ലക്ഷത്തിനടുത്തായി. എന്നാല്‍ രാജ്യത്താകെയുള്ളത് ഏകദേശം 26,000 പൊതു ചാര്‍ജറുകള്‍ മാത്രമാണ്. 225 ഇവികള്‍ക്കാണ് ഒരു പൊതു ചാര്‍ജറുള്ളത്.
ഏഴ് വാഹനങ്ങള്‍ക്ക് ഒരു ചാര്‍ജിങ് സംവിധാനമുള്ള ചൈനയെ പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇന്ത്യയിലെ ചാര്‍ജിങ് സൗകര്യങ്ങള്‍ എത്രത്തോളം പരിമിതമാണെന്ന് തിരിച്ചറിയാനാവുക.
വൈദ്യുത വാഹന വിപണി തുടക്കത്തില്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ചാര്‍ജിങ് സൗകര്യം ലാഭകരമാകണമെങ്കില്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലെത്തണം. എന്നാല്‍ ആവശ്യത്തിന് ചാര്‍ജിങ് സൗകര്യങ്ങളുണ്ടെന്ന് കണ്ടാല്‍ മാത്രമേ പലരും ഇവികള്‍ വാങ്ങാന്‍ തീരുമാനിക്കാറുള്ളൂ. ഈയൊരു വൈരുധ്യമാണ് ഇന്ത്യന്‍ ഇവി വിപണിയില്‍ പ്രതിഫലിക്കുന്നത്.
ഈ പ്രതിസന്ധി മറികടക്കാന്‍ ചാര്‍ജിങ് സൗകര്യങ്ങള്‍ ഏറ്റവും ആവശ്യമുള്ള കേന്ദ്രങ്ങളില്‍ ബുദ്ധിപൂര്‍വ്വം വിന്യസിക്കുകയാണ് വേണ്ടതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ലഭ്യമാവുന്ന ഡാറ്റയുടേയും വാഹന നിര്‍മാതാക്കളും ചാര്‍ഡ് പോയിന്റ് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള സഹകരണത്തിന്റേയും അടിസ്ഥാനത്തിലാണ് ഇന്ത്യയിലേയും ചാര്‍ജിങ് സൗകര്യങ്ങള്‍ വികസിക്കുന്നതെന്നാണ് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക്ക് മൊബിലിറ്റി സിസിഒ വിവേക് ശ്രീവാസ്ത പ്രതികരിച്ചത്.
ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ആദ്യ ഘട്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ദേശീയപാതകളില്‍ ചാര്‍ജിങ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഇത് ദീര്‍ഘദൂര ഇവി യാത്രികരെ ചാര്‍ജ് ആശങ്കകളില്‍ നിന്നും മോചിപ്പിക്കുന്നു. ഇന്ത്യയിലെ 95 ശതമാനം റോഡുകളിലും ഇവികളുടെ സാന്നിധ്യമുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ തന്നെ ഡാറ്റ കാണിക്കുന്നത്. ഇതില്‍ പകുതിയിലേറെ ഇവി ഉടമകളും 500 കിലോമീറ്ററിലേറെ ദൂരമുള്ള യാത്രകള്‍ക്കും വൈദ്യുത കാറുകളെ ആശ്രയിക്കുന്നുണ്ട്.
അപ്പോഴും പ്രായോഗികമായ പല തടസങ്ങളും ഇവികളുടെ യാത്രക്കിടെ സംഭവിക്കാറുണ്ട്. ഇന്ത്യയിലെ പല ചാര്‍ജിങ് പോയിന്റുകളും ഇപ്പോഴും 25-30kW ശേഷിയുള്ളവയാണ്. എന്നാല്‍ പുതിയ പല വാഹനങ്ങളിലും 60kWല്‍ കൂടുതല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാനാവും. ചാര്‍ജറുകള്‍ക്ക് ആവശ്യത്തിന് മികവില്ലാത്തതിനാല്‍ ഇത് ഉപയോഗിക്കാന്‍ പലപ്പോഴും സാധിക്കാറില്ല.
ഇത് വേഗത്തില്‍ ചാര്‍ജിങ് പൂര്‍ത്തിയാക്കി യാത്ര തുടരുന്നതിന് വലിയ തടസമാവാറുണ്ട്.
പല ചാര്‍ജിങ് സ്റ്റേഷനുകളിലും ഒന്നോ രണ്ടോ ചാര്‍ജിങ് പോയിന്റുകള്‍ മാത്രമാണുണ്ടാവാറ്. അതിലേറെ ചാര്‍ജിങ് പോയിന്റുകളുണ്ടെങ്കില്‍ പോലും പലയിടത്തും അത് പ്രവര്‍ത്തിക്കണമെന്നുമില്ല.
ഇതെല്ലാം ചാര്‍ജിങ് സ്റ്റേഷനുകളില്‍ വലിയ ക്യൂവിനും കാത്തിരിപ്പിനും കാരണമാവാറുണ്ട്. ഏതെങ്കിലും ചാര്‍ജിങ് പോയിന്റ് തകരാറിലായാലും ചാര്‍ജിങ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം തന്നെ താറുമാറാവും. ഇതിന് പരിഹാരമായാണ് ഒരേസമയം ഒന്നിലേറെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്ന മള്‍ട്ടി ബേ ചാര്‍ജിങ് ഹബ്ബുകളുടെ വരവ്.
ഇന്ത്യയിലെ ഇവി ചാര്‍ജിങ് വെല്ലുവിളികള്‍ പുതിയ രൂപത്തിലേക്ക് മാറുകയാണ് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തെ വൈദ്യുത വാഹന വിപണിയുടെ വളര്‍ച്ചയില്‍ സ്വാഭാവിക കാര്യവുമാണ്. എത്ര ചാര്‍ജിങ് പോയിന്റുകളുണ്ട് എന്നതിനേക്കാള്‍ എത്രയെണ്ണം കൃത്യമായും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ വേഗം എത്രയെന്നുമൊക്കെയാണ് ഇപ്പോള്‍ കണക്കുകൂട്ടപ്പെടുന്നത്.
ദേശീയതലത്തില്‍ ഒരു ചാര്‍ജര്‍ ഉപയോഗിക്കപ്പെടുന്നത് ശരാശരി 4-5 ശതമാനം മാത്രമാണെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ചാര്‍ജിങ് നെറ്റ്‌വര്‍ക്കായ ടാറ്റ പവര്‍ പ്രതിനിധി വിജേന്ദര്‍ ഗോയല്‍ പറയുന്നു. അതായത് ഒരുദിവസം ഭൂരിഭാഗം സമയവും ഈ ചാര്‍ജര്‍ വെറുതേ കിടക്കുകയാണ്. ലക്ഷങ്ങള്‍ ചിലവാക്കി ചാര്‍ജിങ് സംവിധാനം ആരംഭിക്കുന്നതിലെ പ്രായോഗിക വെല്ലുവിളി കൂടിയാണിത്.
ഭൂരിഭാഗം ഇവി ഉടമകളും തങ്ങളുടെ വാഹനങ്ങള്‍ വീടുകളില്‍ തന്നെ ചാര്‍ജ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് പൊതു ചാര്‍ജറുകളുടെ കുറഞ്ഞ ഉപയോഗത്തിന് കാരണം.
ടാറ്റ പവറിന് ഇന്ത്യയിലെ 630 നഗരങ്ങളിലായി 5,600 ചാര്‍ജിങ് പോയിന്റുകളുണ്ട്. അതില്‍ 450ലേറെയും ദേശീയപാതകളോട് ചേര്‍ന്നതാണ്.
രണ്ടു ലക്ഷത്തിലേറെ ഹോം ചാര്‍ജറുകളും ടാറ്റ പവര്‍ വീടുകളില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഉയര്‍ന്ന ശേഷിയുള്ള 180kW ചാര്‍ജിങ് സംവിധാനങ്ങള്‍ ദേശീയപാതകള്‍ പോലെയുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഥാപിക്കുകയാണ് മറ്റൊരു പ്രായോഗിക പരിഹാരം.
ഇത്തരം ചാര്‍ജിങ് സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ 20-80 ശതമാനം ചാര്‍ജിലേക്ക് 15-30 മിനുറ്റിനുള്ളില്‍ എത്തുകയും ചെയ്യും.






