
ന്യൂഡൽഹി: ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് ആശ്വാസവും അഭിമാനവും പകര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ (ഇയു) നിര്‍ണ്ണായക പ്രഖ്യാപനം. മനുഷ്യ ഉപഭോഗത്തിനായുള്ള മൃഗജന്യ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ യോഗ്യതയുള്ള രാജ്യങ്ങളുടെ പുതുക്കിയ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ വരാനിരിക്കുന്ന സെപ്റ്റംബറിന് ശേഷം യൂറോപ്പിലേക്കുള്ള ഇന്ത്യന്‍ മത്സ്യവിഭവങ്ങളുടെ കയറ്റുമതി തടസ്സപ്പെടുമെന്ന ആശങ്കയ്ക്ക് അറുതിയായി.
ഉല്‍പ്പന്നങ്ങളില്‍ ആന്റിമൈക്രോബയല്‍ മരുന്നുകളുടെ അംശം അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കുന്ന കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ വിജയിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. 2024-ല്‍ പുറത്തിറക്കിയ ആദ്യ പട്ടികയില്‍ നിന്ന് ഇന്ത്യ പുറത്തായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ബ്രസ്സല്‍സില്‍ നടന്ന പരിഷ്‌കരണത്തില്‍, യൂറോപ്യന്‍ യൂണിയന്റെ ഗുണനിലവാര നിയന്ത്രണങ്ങളും ഭക്ഷ്യ സുരക്ഷാ ഗ്യാരണ്ടികളും ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ടെന്ന് തെളിയിച്ചതോടെയാണ് പട്ടികയില്‍ ഇടംപിടിച്ചത്.
ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയുടെ 19 ശതമാനവും യൂറോപ്യന്‍ യൂണിയനിലേക്കാണ്. നിലവില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണിത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 14 ശതമാനം ഉയര്‍ച്ചയോടെ 8.43 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
ഈ കുതിപ്പിന് യൂറോപ്യന്‍ വിപണിയിലെ ഈ അംഗീകാരം വലിയ കരുത്തേകും. ഇന്ത്യയുടെ നിയന്ത്രണ സംവിധാനങ്ങളിലും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളിലും യൂറോപ്പിനുള്ള വിശ്വാസമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും വലിയ വിപണിയായ അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തിയതോടെ പുതിയ വിപണികള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കിയ പച്ചക്കൊടി ഇന്ത്യയ്ക്ക് വലിയൊരു വാണിജ്യ തന്ത്രം കൂടിയാണ്. യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ വഴി കൂടുതല്‍ താരിഫ് ഇളവുകള്‍ നേടിയെടുക്കാനുള്ള ചര്‍ച്ചകളും ന്യൂഡല്‍ഹി ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഗുണനിലവാരത്തിന്റെ പേരില്‍ മുമ്പ് ചില ഇന്ത്യന്‍ മത്സ്യബന്ധന സ്ഥാപനങ്ങളെ യൂറോപ്യന്‍ യൂണിയന്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ശക്തമായ ക്വാളിറ്റി കണ്‍ട്രോള്‍ ഉത്തരവുകളിലൂടെയും മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചും ഇന്ത്യ നടത്തിയ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ഇതോടെ ഇനി യൂറോപ്പിലെ തീന്മേശകളില്‍ ഇന്ത്യന്‍ വിഭവങ്ങള്‍ കൂടുതല്‍ സജീവമാകുമെന്ന് ഉറപ്പായി.






