
അദാനി ഗ്രൂപ്പിന്റെ ഭാഗമായ ഓഷ്യൻ സ്പാർക്കിൾ കമ്പനിക്ക് വേണ്ടി ടഗുകൾ നിർമിക്കാനുള്ള കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്‍യാഡ് ലിമിറ്റഡ് (സിഎസ്എൽ). 100-250 കോടി രൂപ വരെ ഇതിന് ചെലവാകും. കൊച്ചിൻ ഷിപ്‍യാഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ഉഡുപ്പി കൊച്ചിൻ ഷിപ്‍യാഡ് ലിമിറ്റഡാണ് ടഗുകൾ നിർമിക്കുന്നത്. 70 ടൺ ബൊള്ളാർഡ് പുൾ ശേഷിയുള്ള നാല് അത്യാധുനിക ടഗുകൾക്കാണ് ഓർഡർ. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അംഗീകരിച്ച ഡിസൈൻ അനുസരിച്ചാണ് ഇവയുടെ നിർമാണമെന്നും കൊച്ചിൻ ഷിപ്‍യാഡ് അറിയിച്ചു.
2028 നവംബർ മുതൽ ഈ ടഗുകളുടെ ഡെലിവറി ആരംഭിക്കും. അടുത്ത വർഷം ജൂണിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇക്കൊല്ലം ഫെബ്രുവരിയിൽ നാവിക സേനയ്ക്ക് വേണ്ടി സർവേ വെസലുകൾ നിർമിക്കാൻ 5,000 കോടി രൂപയുടെ കരാറും സിഎസ്എൽ സ്വന്തമാക്കിയിരുന്നു.
ഗുജറാത്തിൽ വമ്പൻ നിക്ഷേപം നടത്തുമെന്ന വാർത്തകളും കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തു വന്നത്. 1570 കോടി രൂപ ചെലവിട്ടു ഗുജറാത്തിലെ വാഡിനാറിൽ അത്യാധുനിക സൗകര്യങ്ങളുള്ള കപ്പൽ അറ്റകുറ്റപ്പണിശാല സ്ഥാപിക്കാനുള്ള പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു.
കാണ്ട്‌ലയിലെ ദീൻദയാൽ പോർട്ട് അതോറിറ്റിയും (ഡിപിഎ) സിഎസ്എലും ചേർന്നുള്ള സംയുക്ത സംരംഭമാണു പദ്ധതി നടപ്പാക്കുക. 650 മീറ്റർ ദൈർഘ്യമുള്ള ജെട്ടിയും രണ്ടു വലിയ ഫ്ലോട്ടിങ് ഡ്രൈ ഡോക്കുകളും വർക്‌ഷോപ്പുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുന്ന വമ്പൻ ഷിപ് റിപ്പയർ യാഡാണു വിഭാവനം ചെയ്യുന്നത്.
പ്രധാന സമുദ്രപാതകളുടെ സാമീപ്യവും കപ്പൽച്ചാലിനു സ്വാഭാവികമായിത്തന്നെ നല്ല ആഴവും (ഡ്രാഫ്റ്റ്) ഉണ്ടെന്നതാണു വാഡിനാറിന്റെ സവിശേഷത. മുദ്ര, കാണ്ട്‌ല തുറമുഖങ്ങളുമായുള്ള അടുപ്പവും ഗുണകരമാകും.
230 മീറ്ററിലേറെ നീളമുള്ള വലിയ കപ്പലുകളുടെ അറ്റകുറ്റപ്പണി ചെയ്യാൻ ശേഷിയുള്ള റിപ്പയർ യാഡുകളുടെ അഭാവം നികത്താനും പുതിയ പദ്ധതി സഹായിക്കും. 300 മീറ്റർ വരെ നീളമുള്ള കപ്പലുകളുടെ റിപ്പയർ സൗകര്യം ലഭ്യമാക്കാൻ കഴിയുമെന്നതിനാൽ വിദേശ കപ്പലുകൾ ഉൾപ്പെടെ ഇവിടെ റിപ്പയർ ചെയ്യാം.






