
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന് 24,522 കോടി രൂപയുടെ (2.81 ബില്യൺ ഡോളർ) ഡിമാൻഡ് നോട്ടീസയച്ച് കേന്ദ്ര സർക്കാർ. മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന റിലയൻസിന് പെട്രോളിയം & നാച്ചുറൽ ഗ്യാസ് മന്ത്രാലയമാണ് നോട്ടീസ് അയച്ചത്.
ഒ.എൻ.ജി.സിയുമായി റിലയൻസിനുള്ള കേസുമായി ബന്ധപ്പെട്ട ഡൽഹി ഹൈക്കോടതി വിധിയെ തുടർന്നാണിത്.
ഒ.എൻ.ജി.സിയുടെ അധീനതയിൽപ്പെട്ട സ്ഥലത്ത് നിന്ന് റിലയൻസ് പ്രകൃതി വാതക ഖനനം നടത്തിയതുമായി ബന്ധപ്പെട്ടതാണ് കേസ്.
ഈ വിഷയം അന്താരാഷ്ട്ര കോടതിയിലെത്തിയിരുന്നു. 2018ൽ ഈ കേസിൽ റിലയൻസിന് അനുകൂലമായ വിധിയാണ് ഉണ്ടായത്. ഇത്തരത്തിൽ 13,528 കോടി രൂപ (1.55 ബില്യൺ ഡോളർ) റിലയൻസിന് നൽകാനാണ് ഉത്തരവിട്ടത്.
എന്നാൽ ഈ വിധിക്കെതിരെ ഇന്ത്യൻ ഗവൺമെന്റ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 2023ൽ ഡൽഹി ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് റിലയൻസിന് അനുകൂലമായ വിധി പുറപ്പെടുവിച്ചു. ഇതേത്തുടർന്ന് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.
നിലവിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ഡിവിഷൻ ബെഞ്ച് അസാധുവാക്കി. ഇതേത്തുടർന്നാണ് സർക്കാർ പുതിയ ഡിമാൻഡ് നോട്ടീസ് റിലയൻസിന് അയച്ചിരിക്കുന്നത്.