
തിരുവനന്തപുരം: പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് ഹൈദരാബാദിലെ കൊണ്ടാപ്പൂരിൽ 500 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന 300 കിടക്കകളുമായി പുതിയ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി 2027 മാർച്ചിൽ പ്രവർത്തനമാരംഭിക്കും. ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്റെ ഹൈദരാബാദ് സന്ദർശനത്തോട് അനുബന്ധിച്ചാണ് മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുങ്ങുന്ന ഈ ആശുപത്രിയുടെ പ്രഖ്യാപനം നടന്നത്.
രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിദഗ്ധ ചികിത്സാ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ നടപ്പാക്കുന്ന 4,000 കോടി രൂപയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമാണിത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 4,000 മുതൽ 4,400 വരെ പുതിയ കിടക്കകൾ കൂട്ടിച്ചേർത്തുകൊണ്ട് രാജ്യത്തുടനീളമുള്ള ആകെ കിടക്കകളുടെ എണ്ണം 15,000-ത്തിന് മുകളിലേക്ക് ഉയർത്താനാണ് ആസ്റ്റർ ക്വളിറ്റി കെയർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുങ്ങുന്ന ആശുപത്രിയിൽ 100 തീവ്രപരിചരണ കിടക്കകൾ, 10 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ, 24 മണിക്കൂർ അത്യാഹിത വിഭാഗം എന്നിവയുണ്ടാകും. കൂടാതെ അഡ്വാൻസ്ഡ് കാത്ത് ലാബ്, സി.ടി, എം.ആർ.ഐ, എക്മോ (ഇ.സി.എം.ഒ), ഐ.വി.യു.എസ്, ഇ-ബസ്, ഇ.ആർ.സി.പി തുടങ്ങിയ അത്യാധുനിക രോഗനിർണ്ണയ-ചികിത്സാ സംവിധാനങ്ങളും സജ്ജമാക്കും.
ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ക്വാളിറ്റി കെയർ ഇന്ത്യ ലയനശേഷം ആസ്റ്റർ ഡി.എം ക്വാളിറ്റി കെയറിന് കീഴിൽ ആസ്റ്റർ ഡി.എം, കെയർ ഹോസ്പിറ്റൽസ്, എവർകെയർ, കിംസ് ഹെൽത്ത് എന്നീ ബ്രാൻഡുകളിലായി 27 നഗരങ്ങളിൽ 38 ആശുപത്രികളും 10,840-ലധികം കിടക്കകളുമുള്ള വിപുലമായ ശൃംഖലയാണ് ആസ്റ്റർ ക്വളിറ്റി കെയർ ഗ്രൂപ്പിന് കീഴിലുള്ളത്. ഹൈദരാബാദിന്റെ പടിഞ്ഞാറൻ മേഖലയിലെയും സംഗറെഡ്ഡി ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന സുപ്രധാന കേന്ദ്രമാകും പുതിയ ആശുപത്രി.






