
ബ്രസൽസ്: ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് 9.5 ശതമാനം ആന്റി ഡംപിങ് തീരുവ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽനിന്നുള്ള കോൾഡ് റോൾഡ് ഫ്‌ളാറ്റ് സ്റ്റീൽ ഇറക്കുമതിക്കാണ് അധിക നികുതി പ്രഖ്യാപിച്ചിരിക്കുന്നത്.
ജപ്പാൻ, തായ്‌വാൻ, തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളും പുതിയ തീരുവയുടെ പരിധിയിൽ വരും. യൂറോപ്യൻ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് സ്റ്റീൽ വിൽക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ജപ്പാനിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതിക്കാണ് ഏറ്റവും ഉയർന്ന തീരുവയായ 27.9 ശതമാനം ചുമത്തിയത്. തായ്‌വാന് 20.7 മുതൽ 27 ശതമാനം വരെയും തുർക്കിക്ക് 3 മുതൽ 7.8 ശതമാനം വരെയും വിയറ്റ്നാമിന് 16 ശതമാനവുമാണ് അധിക നികുതി.
ഇന്ത്യയിലും തായ്‌വാനിലും പ്രത്യേക വിപണി സാഹചര്യം നിലനിൽക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് യൂറോപ്യൻ കമ്മിഷൻ വ്യക്തമാക്കി. ഇന്ത്യയുടെ കാര്യത്തിൽ സർക്കാർ നടപടികൾ ആഭ്യന്തര ഇരുമ്പയിരിന്റെ വിലയെ ബാധിച്ചതായും കമ്മിഷൻ വിലയിരുത്തി.
അഞ്ച് രാജ്യങ്ങളിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതിയുടെ ആകെ മൂല്യം 107.2 കോടി യൂറോയാണ്. ഇതിൽ തായ്‌വാനിൽനിന്ന് 34.5 കോടി യൂറോയുടെയും ഇന്ത്യയിൽനിന്ന് 28.2 കോടി യൂറോയുടെയും ഇറക്കുമതിയാണ് നടന്നത്. യൂറോപ്യൻ യൂണിയനിലെ ആഭ്യന്തര സ്റ്റീൽ വ്യവസായത്തെ കുറഞ്ഞ വിലയിലുള്ള ഇറക്കുമതിയുടെ ആഘാതത്തിൽനിന്ന് സംരക്ഷിക്കുകയാണ് പുതിയ തീരുവയുടെ ലക്ഷ്യം.
ഏകദേശം 2320 കോടി യൂറോ മൂല്യമുള്ള കോൾഡ് റോൾഡ് ഫ്‌ളാറ്റ് സ്റ്റീൽ വിപണിയിൽ 12 അംഗരാജ്യങ്ങളിലായി 8,600-ലധികം പേർ ജോലി ചെയ്യുന്നുണ്ട്.






