Alt Image
ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് 9.5% അധിക തീരുവയുമായി യൂറോപ്യൻ യൂണിയൻ ◆ ചരിത്രം രചിച്ച് യുപിഐ ഇടപാടുകൾ; ആദ്യമായി 30 ലക്ഷം കോടിയിലേക്ക് ◆ വികസ്വര രാജ്യങ്ങളുടെ വിദേശകടം 9.4 ട്രില്യണ്‍ ഡോളറിലെത്തി ◆ 1.11 ലക്ഷം കോടി ചെലവുള്ള ഇന്ത്യയുടെ രണ്ട് വൻ അന്തർവാഹിനി പദ്ധതികൾക്ക് അന്തിമാനുമതി ഉടൻ ◆ ആഗോള സ്വർണശക്തിയാകാൻ ഇന്ത്യ; പദ്ധതിയുടെ രൂപരേഖ നിതി ആയോഗ് വൈകാതെ അവതരിപ്പിച്ചേക്കും ◆

വിപണിമൂല്യത്തില്‍ എല്‍ഐസിയെ മറികടന്ന്‌ എന്‍എസ്‌ഇ

ഓഹരി വിലയിലുണ്ടായ കുതിപ്പിനെത്തുടര്‍ന്ന്‌ നാഷണല്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ഓഫ്‌ ഇന്ത്യയുടെ (എന്‍എസ്‌ഇ) വിപണിമൂല്യം തിങ്കളാഴ്‌ച ആദ്യമായി 5 ലക്ഷം കോടി രൂപ കടന്നു. ഈ നേട്ടം കൈവരിക്കുന്ന 11-ാമത്തെഇന്ത്യന്‍ ലിസ്‌റ്റഡ്‌ കമ്പനിയായി ഇതോടെ എന്‍എസ്‌ഇ മാറി. ബിഎസ്‌ഇയില്‍ 4.02 ശതമാനം ഉയര്‍ന്ന്‌ 2070.05 രൂപ എന്ന റെക്കോര്‍ഡ്‌ നിലവാരത്തിലാണ്‌ എന്‍എസ്‌ഇ ഓഹരി ക്ലോസ്‌ ചെയ്‌തത്‌. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 5.12 ലക്ഷം കോടി രൂപയിലെത്തി. 5.06 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയെ (എല്‍ഐസി) മറികടന്ന്‌ രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്താമത്തെ ലിസ്‌റ്റഡ്‌ കമ്പനിയായും എന്‍എസ്‌ഇ മാറി.

18.16 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസാണ്‌ രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടരുന്നത്‌. 13.43 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ഭാരതി എയര്‍ടെല്ലും 12.91 ലക്ഷം കോടി രൂപയുള്ള ജിയോ പ്ലാറ്റ്‌ഫോംസുമാണ്‌ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌, എസ്‌ബിഐ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ (ടിസിഎസ്‌), ബജാജ്‌ ഫിനാന്‍സ്‌, എല്‍ ആന്‍ഡ്‌ ടി എന്നിവയാണ്‌ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന മറ്റ്‌ കമ്പനികള്‍.
സെപ്‌റ്റംബര്‍ 24ന്‌ ബിഎസ്‌ഇയില്‍ ലിസ്‌റ്റ്‌ ചെയ്‌ത എന്‍എസ്‌ഇ ഓഹരികള്‍ നവംബറില്‍ ഇതുവരെയുള്ള 11 വ്യാപാര ദിനങ്ങളില്‍ ഒന്‍പതിലും നേട്ടമുണ്ടാക്കി. ഈ മാസം സെന്‍സെക്‌സ്‌ 8.5 ശതമാനം ഉയര്‍ന്നപ്പോള്‍ എന്‍എസ്‌ഇ ഓഹരി 16.3 ശതമാനമാണ്‌ മുന്നേറിയത്‌. കമ്പനിയുടെ ഐപിഒ വിലയായ 1785 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഹരി വിലയില്‍ ഏകദേശം 16 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്‌.

X
Top