ഇന്ത്യ- കാനഡ വ്യാപാര കരാര്‍ മാസങ്ങള്‍ക്കുള്ളില്‍ ◆ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ് ◆ പുതിയ ബഹിരാകാശ വ്യവസായ കരട് നയവുമായി കേരളം ◆ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഉയർന്നു ◆ ഇന്ത്യന്‍ കയറ്റുമതി കുതിക്കുന്നു ◆

പൊതുജനാരോഗ്യത്തിന് കുതിപ്പേകാൻ കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി പുറത്തിറക്കി; പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ആരോഗ്യ മന്ത്രി കെ. മുരളീധരൻ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

ആരോഗ്യ അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം ചികിത്സയുടെ ഫലപ്രാപ്തിയും രോഗികൾക്ക് മെച്ചപ്പെട്ട പരിചരണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ മാത്രം ചികിത്സയുടെ ഗുണനിലവാരം ഒതുങ്ങരുതെന്നും വിവരാധിഷ്ഠിത തീരുമാനങ്ങളിലൂടെയും തുടർച്ചയായ മെച്ചപ്പെടുത്തലിലൂടെയും ആരോഗ്യസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെ ആരോഗ്യകേരളമാണ് സ്ട്രാറ്റജി നടപ്പാക്കുന്നത്. എൻ.ക്യു.എ.എസ് അക്രഡിറ്റേഷൻ വിപുലീകരിക്കുക, ജീവിതശൈലീ രോഗങ്ങളുടെ ചികിത്സ മെച്ചപ്പെടുത്തുക, ഡിജിറ്റൽ നിരീക്ഷണം ശക്തിപ്പെടുത്തുക, വൺ ഹെൽത്ത് പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പ്രതീക്ഷാ സെന്ററുകൾക്ക് സ്ട്രാറ്റജി കൂടുതൽ കരുത്തേകും. മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം വിദഗ്ധ ചികിത്സ ജനങ്ങൾക്ക് സമീപത്തുതന്നെ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.

ആശുപത്രികളിലെ ശുചിത്വം, ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന കായകല്പം പദ്ധതിക്കും ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധവും ചികിത്സയും ലക്ഷ്യമിടുന്ന ഹൃദയരാഗം പദ്ധതിക്കും സ്ട്രാറ്റജി കൂടുതൽ ഊർജം പകരും.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, ആരോഗ്യകേരളം ഡയറക്ടർ ഡോ. രേണു രാജ്, ലോകബാങ്ക് ദക്ഷിണേഷ്യൻ മേഖല ആരോഗ്യവിഭാഗം പ്രാക്ടീസ് മാനേജർ ഡോ. ക്രിസ്റ്റോഫ് ലെമിയർ, ലീഡ് ഇക്കണോമിസ്റ്റ് ഡോ. അജയ് ടണ്ടൻ, സീനിയർ ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഷീന ഛബ്ര തുടങ്ങിയവർ പങ്കെടുത്തു.

X
Top