
ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഇടപാടുകളിൽ ചരിത്രപരമായ മുന്നേറ്റം. ഒക്ടോബറിൽ ഇതാദ്യമായി രാജ്യത്ത് യുപിഐ ഇടപാടുകൾ 30 ലക്ഷം കോടി കടന്നു. നവംബറിൽ ഇനിയും ഇടപാടുകളുടെ എണ്ണം വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. എൻപിസിഐയുടെ കണക്കുകൾ പ്രകാരം ഒക്ടോബറിൽ മാത്രം 31.53 ലക്ഷം കോടി ഇടപാടുകളാണ് നടന്നത്.
സെപ്റ്റംബറിൽ നടന്ന 29.37 ലക്ഷം കോടി രൂപയുടേതിനേക്കാൾ 16% വർധനവാണ് ഒക്ടോബറിൽ ഉണ്ടായിരിക്കുന്നത്. ഇതേ കാലയളവിൽ 25.47 ബില്യൺ QR കോഡ് സ്കാനുകളും ഡിജിറ്റൽ പേയ്മെന്റുകളും നടന്നുവെന്നും എൻപിസിഐ പറയുന്നു.
ദീപാവലി, ഛത്ത് പൂജ തുടങ്ങിയ ആഘോഷങ്ങൾ ഉളള നവംബറിൽ ഇടപാടുകളുടെ എണ്ണം ഇനിയും കൂടുമെന്നാണ് പ്രതീക്ഷ.
ഒക്ടോബറിൽ ഒരു ദിവസത്തിൽ മാത്രം 1 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നുവെന്നാണ് കണക്കുകൾ. ഒരു ദിവസം 822 മില്യൺ ഇടപാടുകളാണ് നടന്നത്. ദിവസേന ശരാശരി 1 ട്രില്യൺ കടക്കുന്നത് ഇതാദ്യമായാണ്.
ദീപാവലിയും മറ്റ് ആഘോഷ ദിവസങ്ങളുമെല്ലാം വരുന്ന നവംബറിൽ കണക്ക് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ദീപാവലി ദിവസങ്ങളിൽ ഇതിനകം തന്നെ റെക്കോർഡ് ഇടപാടുകൾ രേഖപ്പെടുത്തിക്കഴിഞ്ഞു.
നവംബർ ഏഴിന് മാത്രം 1,36,118 കോടി രൂപയുടെ ഇടപാടാണ് നടന്നത്. നവംബറിലെ ആദ്യ നാല് ദിവസങ്ങളിൽ മാത്രം യുപിഐ ഇടപാടുകളുടെ ശരാശരി മൂല്യം 1.29 ട്രില്യനാണ്. കല്യാണ സീസൺ കൂടിയായതിനാൽ ഇടപാടുകളുടെ മൂല്യം ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ.






