
തലമുറകളിലൂടെ കൈമാറി വന്ന ചികിത്സാവിദ്യയും അനുഭവസമ്പത്തും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി സമന്വയിപ്പിച്ച് ആയുര്‍വേദരംഗത്ത് ശ്രദ്ധേയമായ സ്ഥാനം നേടിയ സ്ഥാപനമാണ് വൈദ്യരത്നം ഗ്രൂപ്പ്. രോഗികള്‍ക്ക് ചികിത്സയ്ക്കൊപ്പം ആവശ്യമായ ഔഷധങ്ങള്‍ ലഭ്യമാക്കാനുള്ള ഒരു കുടുംബത്തിന്റെ ശ്രമത്തില്‍നിന്ന് ആരംഭിച്ച ഈ യാത്ര ഇന്ന് ചികിത്സ, ഔഷധനിര്‍മാണം, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു. പരശുരാമന്റെ ഐതിഹ്യങ്ങളോളം പഴക്കമുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന അഷ്ടവൈദ്യ പാരമ്പര്യത്തില്‍ വേരുകളുള്ള തൃശൂര്‍ ജില്ലയിലെ തൈക്കാട്ടുശ്ശേരിയിലെ എളേടത്ത് തൈക്കാട്ട് മനയാണ് ഈ വളര്‍ച്ചയുടെ അടിത്തറ. പൂര്‍വികര്‍ പകര്‍ന്നുനല്‍കിയ അറിവും ചികിത്സാരീതികളും സംരക്ഷിക്കുന്നതിനൊപ്പം അവ പുതിയ തലമുറയ്ക്ക് കൈമാറുകയും ശാസ്ത്രീയ ഗവേഷണത്തിലൂടെ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ വികസിപ്പിക്കുകയും ചെയ്യുകയാണ് വൈദ്യരത്നം ഗ്രൂപ്പ്.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും എളേടത്ത് തൈക്കാട്ട് മൂസ്സുമാരെക്കുറിച്ച് പരാമര്‍ശമുണ്ട്. അഷ്ടവൈദ്യ പാരമ്പര്യത്തിലെ പ്രമുഖ കുടുംബങ്ങളിലൊന്നായ തൈക്കാട്ട് കുടുംബത്തിന്റെ ചികിത്സാവിദ്യയാണ് പിന്നീട് വൈദ്യരത്നം എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.
ചികിത്സയില്‍നിന്ന് ഔഷധനിര്മാണത്തിലേക്ക്
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ആയുര്‍വേദ ചികിത്സയ്ക്കായി നിര്‍ദേശിക്കുന്ന മരുന്നുകള്‍ രോഗികള്‍ തന്നെ തയ്യാറാക്കേണ്ടിവന്നിരുന്നു. അതിന് ആവശ്യമായ സമയവും സൗകര്യവും എല്ലാവര്ക്കും ഉണ്ടായിരുന്നില്ല. രോഗികള്‍ നേരിട്ട ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി കഴിഞ്ഞ നൂറ്റാണ്ടിന്റെ മൂന്നാം ദശകം മുതല്‍ എളേടത്ത് തൈക്കാട്ട് മനയില്‍ ആവശ്യമായ ചില മരുന്നുകള്‍ തയ്യാറാക്കിത്തുടങ്ങി. അഷ്ടവൈദ്യന്‍ വൈദ്യരത്നം നാരായണന് മൂസ്സിനെയും മകന് നീലകണ്ഠന് മൂസ്സിനെയും സമീപിക്കുന്ന രോഗികള്‍ക്കാവശ്യമായ ഔഷധങ്ങളാണ് ആദ്യകാലത്ത് നിര്‍മിച്ചിരുന്നത്.
പിന്നീട് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഔഷധനിര്‍മാണത്തിന് സ്ഥിരമായ സംവിധാനം വേണമെന്ന് കുടുംബം തിരിച്ചറിഞ്ഞു. അങ്ങനെയാണ് 1941-ല്‍ വൈദ്യരത്നം ഔഷധശാല ഔദ്യോഗികമായി ആരംഭിച്ചത്. 1924-ല്‍ ബ്രിട്ടീഷ് വൈസ്രോയിയില്‍നിന്ന് അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന് മൂസ്സിന് ലഭിച്ച ‘വൈദ്യരത്നം’ എന്ന ബഹുമതിയുടെ സ്മരണയ്ക്കായാണ് സ്ഥാപനത്തിന് ആ പേര് നല്‍കിയത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇ.ടി. നീലകണ്ഠന് മൂസ്സ് (1904-1997)നേതൃത്വം നല്കി.
ഔഷധങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ തൃശൂരില്‍ ആദ്യ ബ്രാഞ്ച് ആരംഭിച്ചു. 1942 ഏപ്രില്‍ 15-ന് വടക്കുന്നാഥ ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴിയോട് ചേര്‍ന്ന മംഗളോദയം ബില്‍ഡിങ്ങിലായിരുന്നു ഇത്. തുടര്‍ന്ന് 1944ല്‍ എറണാകുളത്തും 1946ല്‍ ഇരിങ്ങാലക്കുടയിലും 1953 ല്‍ മണ്ണൂത്തിയിലും 1960 ല്‍ തൃപ്പൂണിത്തുറയിലും 1966 ല്‍ കോയമ്പത്തൂരിലും ശാഖകള്‍ ആരംഭിച്ചു. ഇതോടെ ഔഷധങ്ങളുടെ നിര്‍മാണവും വിതരണവും കൂടുതല്‍ വിപുലമായി.ആദ്യം കാലം മുതലേ വൈദ്യരത്നം നിര്‍മ്മിച്ചിരുന്ന ഔഷധങ്ങളുടെ വില്പനയ്ക്കായി മലബാറില്‍ നിന്നും കൊച്ചിയില്‍ നിന്നുമുള്ള ആളുകള്‍ സമീപിച്ചിരുന്നു.
1951ല്‍ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന് മൂസ്സ് ഔഷധശാലയുടെ നടത്തിപ്പില്‍ സജീവമായി. കിടത്തിച്ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ അതേ വര്‍ഷം വൈദ്യരത്നം നഴ്സിങ് ഹോമും ആരംഭിച്ചു. പഞ്ചകര്‍മം, ധാര, പിഴിച്ചില്‍, നവരക്കിഴി, വക്രധാര തുടങ്ങിയ ചികിത്സാരീതികള്‍ ഇവിടെ നടപ്പാക്കി. പാരമ്പര്യ ചികിത്സാരീതികള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം ചികിത്സാസേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും സ്ഥാപനം ശ്രദ്ധിച്ചു. ഇന്ന് സ്ഥാപനത്തിലെ ചികിത്സാസേവനങ്ങള്‍ക്ക് NABH അംഗീകാരം ലഭിച്ചിട്ടുണ്ട്.
അഷ്ടവൈദ്യ പാരമ്പര്യത്തിന്റെ ആഴം

എളേടത്ത് തൈക്കാട്ട് കുടുംബത്തിന്റെ ചികിത്സാപാരമ്പര്യം അഷ്ടാംഗ ആയുര്‍വേദത്തിലെ വിവിധ ശാഖകളിലുള്ള അറിവിലും പരിശീലനത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്. കായചികിത്സ, ബാലചികിത്സ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സകള്‍, ഊര്‍ധ്വാംഗചികിത്സ, ശല്യചികിത്സ, വിഷചികിത്സ, രസായനചികിത്സ, വാജീകരണചികിത്സ തുടങ്ങിയ മേഖലകളില്‍ പൂര്‍വികര്‍ അറിവും പരിശീലനവും നേടിയിരുന്നു.
വൈദ്യരത്നം നാരായണന് മൂസ്സ് കേരളത്തിന് പുറത്തുള്ള പ്രമുഖരെയും ചികിത്സിച്ചിരുന്നതായി കുടുംബചരിത്രം പറയുന്നു. ബറോഡ രാജവംശത്തിലെ രാജാവിനെ ചികിത്സിച്ച് രോഗം ഭേദമാക്കിയതില്‍ സന്തുഷ്ടനായ ബ്രിട്ടീഷ് വൈസ്രോയിയാണ് 1924 – ൽ അദ്ദേഹത്തിന് ‘വൈദ്യരത്നം’ എന്ന ബഹുമതി നൽകിയത്. ഈ ബഹുമതിയുടെ ഓര്‍മയ്ക്കായാണ് 1941-ല്‍ ആരംഭിച്ച ഔഷധശാലയ്ക്ക് വൈദ്യരത്നം എന്ന പേര് നല്‍കിയത്.
വിദ്യാഭ്യാസത്തിലൂടെ പാരമ്പര്യത്തിന്റെ തുടര്‍ച്ച
ആയുര്‍വേദത്തെ പുതിയ തലമുറയിലേക്ക് കൈമാറുന്നതിനായി 1976 ഒക്ടോബര്‍ രണ്ടിന് കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരത്തോടെ തൈക്കാട്ടുശ്ശേരിയില്‍ വൈദ്യരത്നം ആയുര്‍വേദ കോളേജ് ആരംഭിച്ചു. ബിരുദ, ബിരുദാനന്തര കോഴ്സുകളിലൂടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ആയുര്‍വേദപഠനത്തിന് ഇവിടെ അവസരം ലഭിക്കുന്നു. ചികിത്സാരംഗത്തെ പാരമ്പര്യ അറിവുകള്‍ പഠനത്തിലൂടെയും പരിശീലനത്തിലൂടെയും അടുത്ത തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യമാണ് ഇതിലൂടെ മുന്നോട്ടുവെച്ചത്.
വിദ്യാഭ്യാസത്തിനൊപ്പം ഗവേഷണത്തിനും സ്ഥാപനം പ്രാധാന്യം നല്കി. 1989 ഏപ്രില്‍ 22-ന് അന്നത്തെ ഉപരാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ വൈദ്യരത്നം ഗവേഷണകേന്ദ്രത്തിന് തറക്കല്ലിട്ടു. 1991-ല്‍ അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരന് കേന്ദ്രം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജീവിതശൈലീരോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളോടെയാണ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം അര്‍ഹരായ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന നിലപാടിന്റെ ഭാഗമായി സൗജന്യചികിത്സയും നല്കിവരുന്നു.
പിന്നീട് ഗവേഷണകേന്ദ്രം വികസിച്ച് വൈദ്യരത്നം ആയുര്‍വേദ ഫൗണ്ടേഷന്റെ കീഴിലുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് എന്ന നിലയിലെത്തി.
ഔഷധനിര്‍മാണവും ഗുണനിലവാര നിയന്ത്രണവും
വൈദ്യരത്നത്തിന്റെ വളര്‍ച്ചയില്‍ ഔഷധനിര്‍മാണത്തിന് നിര്‍ണായക സ്ഥാനമുണ്ട്. തൈക്കാട്ടുശ്ശേരിയില്‍ 1941-ല്‍ ഔഷധനിര്‍മാണം ആരംഭിച്ച സ്ഥാപനം പിന്നീട് 1989-ല്‍ ചുവന്നമണ്ണിലും 2009-ല്‍ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും ഔഷധനിര്‍മാണ കേന്ദ്രങ്ങള്‍ ആരംഭിച്ചു. വിവിധ രോഗങ്ങളുടെ ചികിത്സക്കായി അഞ്ഞൂറിലധികം ഔഷധങ്ങള്‍ നിര്‍മിക്കുന്ന മൂന്ന് കേന്ദ്രങ്ങള്‍ക്കും ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസസ് (ജിഎംപി) സര്‍ട്ടിഫിക്കറ്റുണ്ട്.ഔഷധനിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചുവന്നമണ്ണിലെ ഫാക്ടറിയോടു ചേര്‍ന്ന് ഔഷധോദ്യാനവും ആരംഭിച്ചു.
ആയുര്‍വേദത്തിന്റെ ചരിത്രം പറയുന്ന മ്യൂസിയം
ആയുര്‍വേദത്തിന്റെ ചരിത്രവും പ്രത്യേകതകളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി വൈദ്യരത്നം ആയുര്‍വേദ മ്യൂസിയവും സ്ഥാപിച്ചു. 2013 ഡിസംബര്‍ 27-ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മ്യൂസിയം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.പാരമ്പര്യത്തെ സംരക്ഷിച്ചുകൊണ്ട് ഗവേഷണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2021-ല്‍ വൈദ്യരത്നം ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ആരംഭിച്ചു.
വൈദ്യരത്നം കുടുംബത്തിന്റെ സംഭാവനകള്‍ക്ക് ദേശീയതലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ട്. വൈദ്യരത്നം ബഹുമതി നേടിയ നാരായണന് മൂസ്സിന്റെ മകന് നീലകണ്ഠന് മൂസ്സിന് 1992-ല്‍ പത്മശ്രീ ലഭിച്ചു. അദ്ദേഹത്തിന്റെ മകന് ഇ.ടി. നാരായണന് മൂസ്സിന് 2010-ല്‍ പത്മഭൂഷണ്‍ ലഭിച്ചു. പത്മഭൂഷണ്‍ നാരായണന് മൂസിന്റെ മകനും , വൈദ്യരത്നം ഗ്രൂപ്പ് എംഡിയുമായ അഷ്ടവൈദ്യന്‍ ഇ. ടി . നീലകണ്ഠന് മൂസ്സിനു ധന്വന്തരി പുരസ്കാരം നല്കി കേന്ദ്രം ആദരിച്ചു
വില്വാദി ഗുളികയുടെ വിലയില്‍ കരുതല്‍

വൈദ്യരത്നവുമായി ചരിത്രപരമായി ബന്ധമുള്ള പ്രധാന ഔഷധമാണ് വില്വാദി ഗുളിക. ഔഷധശാല ആരംഭിച്ച കാലത്ത് വില്‍പ്പനയ്ക്കായി തയ്യാറാക്കിയ ആദ്യ മരുന്നുകളിലൊന്നാണിത്. പല വീടുകളിലും ആവശ്യമായി വരുന്ന ഈ ഔഷധം സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആളുകള്‍ക്ക് വാങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകരുതെന്നാണ് സ്ഥാപനത്തിന്റെ നിലപാട്.അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി വില്വാദി ഗുളികയുടെ വില കഴിയുന്നത്ര സ്ഥിരമായി നിലനിര്‍ത്താന്‍ സ്ഥാപനം ശ്രമിക്കുന്നു. ലാഭം മാത്രം ലക്ഷ്യമാക്കാതെ ജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുക എന്ന ഉത്തരവാദിത്തവും സ്ഥാപനം പരിപാലിച്ചു പോരുന്നു. തലമുറകളിലൂടെ കൈമാറിയ അറിവിനെ സംരക്ഷിച്ചുകൊണ്ട് പുതിയ കാലത്തിന്റെ ആവശ്യങ്ങളുമായി ആയുര്‍വേദത്തെ ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ഈ സ്ഥാപനം ലക്ഷ്യം വെയ്ക്കുന്നത്.






