മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി/SEBI) ഡയറക്ടർബോർഡ് അംഗമായിരിക്കെ മാധബി പുരി ബുച്ച്(Madhabi Puri Buch) ക്രമവിരുദ്ധമായി കൺസൾട്ടൻസി സ്ഥാപനത്തിൽനിന്ന് വരുമാനം നേടിയെന്ന് ആരോപണം.
2017-ലാണ് മാധബി പുരി ബുച്ച് സെബി ഡയറക്ടർ ബോർഡിലെത്തുന്നത്. 2022-ൽ ചെയർപേഴ്സണായി ചുമതലയേറ്റു. ഈ ഏഴുവർഷവും അഗോറ അഡ്വൈസറിയിൽ മാധബിക്ക് 99 ശതമാനം ഓഹരികളുള്ളതായാണ് പുതിയ വെളിപ്പെടുത്തൽ.
ഇക്കാലത്ത് 3.71 കോടി രൂപ വരുമാനമായി ഇവർക്കു ലഭിച്ചതായും രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ സൂചിപ്പിക്കുന്നു. കൺസൾട്ടൻസി കമ്പനിയുടെ വിവരങ്ങൾ സെബിക്കുമുൻപാകെ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ബുച്ച് പറയുന്നത്. ഇതേക്കുറിച്ച് സെബി പ്രതികരിച്ചിട്ടില്ല.
സിങ്കപ്പൂരിലെ കൺസൾട്ടൻസി കമ്പനിയായ അഗോറ പാർട്ണേഴ്സിൽ മാധബിക്കുണ്ടായിരുന്ന ഓഹരികൾ 2022-ൽ സെബി ചെയർപേഴ്സണായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കിടെ ഭർത്താവിനു കൈമാറിയെന്ന് യു.എസ്. ഷോർട്ട് സെല്ലിങ് കമ്പനിയായ ഹിൻഡെൻബർഗ് റിസർച്ച് പറഞ്ഞിരുന്നു.
എന്നാൽ ഇന്ത്യൻ കമ്പനിയായ അഗോറ അഡ്വൈസറിയിലെ പങ്കാളിത്തം ഇവർ തുടർന്നതായാണ് രേഖകൾ. 2024 മാർച്ചിലെ രേഖകളിലും ഇപ്രകാരമാണുള്ളത്.
2008-ലെ സെബി നയമനുസരിച്ച് സെബി മേധാവിയായിരിക്കെ മറ്റു പ്രൊഫഷണൽ ജോലികളിലൂടെ വരുമാനമുണ്ടാക്കാൻ പാടില്ല. ഈ ചട്ടം ലംഘിക്കപ്പെട്ടതായാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.
സെബി ബോർഡിൽ ചേർന്നശേഷവും സ്വന്തം കമ്പനിയിൽ ഓഹരിപങ്കാളിത്തം തുടർന്നത് ശരിയല്ലെന്ന് മുൻ ധനസെക്രട്ടറിയും മുൻ സെബി അംഗവുമായ സുഭാഷ്ചന്ദ്ര ഗാർഗ് പറഞ്ഞു. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നും അദ്ദേഹം പറയുന്നു.
അദാനി ഗ്രൂപ്പിനെതിരായ അന്വേഷണങ്ങളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് ചില താത്പര്യങ്ങളുള്ളതായി യു.എസ്. ഷോർട്ട് സെല്ലിങ് കമ്പനിയായ ഹിൻഡെൻബർഗ് ആരോപിച്ചിരുന്നു.
എന്നാൽ, ഇതിലൂടെ വ്യക്തിഹത്യനടത്താനാണ് ഹിൻഡെൻബർഗിന്റെ ശ്രമമെന്ന് ബുച്ച് തിരിച്ചടിച്ചു. ഈ കൺസൾട്ടൻസി കമ്പനികളിലെ മാധബിയുടെയും ഭർത്താവ് ധവാൽ ബുച്ചിന്റെയും ഓഹരിപങ്കാളിത്തം സംബന്ധിച്ചും ഹിൻഡെൻബർഗ് പരാമർശിച്ചിരുന്നു.
അതേസമയം, സ്ഥാപനത്തിന്റെ ബിസിനസുകൾ എന്തെല്ലാമാണെന്നോ ഇതിന് അദാനി ഗ്രൂപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിലും വ്യക്തതയില്ല.